ഗുരു ചേമഞ്ചേരിക്ക് എ.ഐ.സി.സിയുടെ സ്‌നേഹാദരം


കൊയിലാണ്ടി: നൂറ്റാണ്ടിന്റെ സര്‍ഗസപര്യയ്ക്ക് കോണ്‍ഗ്രസിന്റെ സ്‌നേഹാദരം. കഥകളിയാചാര്യനും നൃത്താധ്യാപകനുമായ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രതിഭാദരം പരിപാടിയുടെ ഭാഗമായി സെക്രട്ടറി പി.വി. മോഹനന്റെ നേതൃത്വത്തിലുള്ള പ്രതിനിധികള്‍ വീട്ടിലെത്തിയാണ് സമര്‍പ്പിച്ചത്. കെ.പി.സി.സി.യുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രമുഖ വ്യക്തികളെ ആദരിക്കുന്ന ചടങ്ങാണ് ‘പ്രതിഭാദരം’.

പി.വി മോഹനന്‍ അദ്ദേഹത്തെ പൊന്നാടയണിച്ച് ഉപഹാരം സമര്‍പ്പിച്ചു. അവര്‍ക്കൊപ്പം തന്റെ പഴയകാല അനുഭവങ്ങളും ഗുരു പങ്കിട്ടു. ദേശീയ പ്രസ്ഥാനകാലത്ത് ഗാന്ധിജി ആഹ്വാനം ചെയ്ത ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി കെ. കേളപ്പന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന സമരത്തില്‍ അന്ന് യുവാവായിരുന്ന താന്‍ പങ്കെടുത്തതിന്റെ ഓര്‍മ്മകള്‍ അയവിറക്കി. പ്രക്ഷോഭകാലത്ത് ആലപിച്ച ‘വരിക വരിക സഹജരേ എന്ന സമരഗാനം ഗുരു ആലപിച്ചത് കേട്ടു നിന്നവര്‍ക്ക് വിസ്മയമായി.

ഡി.സി.സി. പ്രസിഡന്റ് യു. രാജീവന്‍ മാസ്റ്റര്‍, കെ.പി.സി.സി. സെക്രട്ടറി വി.ബാബുരാജ്, പ്രതിഭാദരം സംസ്ഥാന കോഡിനേറ്റര്‍ എം.എ ഷഹനാസ്, ഡി.സി സി സെക്രട്ടറി രാജേഷ് കീഴരിയൂര്‍, പി.കെ. അരവിന്ദന്‍ മാസ്റ്റര്‍, പി. അബ്ദുള്‍ ഷുക്കൂര്‍ .കെ.രമേശന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക