ഗുരു അരങ്ങൊഴിഞ്ഞു


കൊയിലാണ്ടി: കേരളത്തിലെ പ്രമുഖ കഥകളി കലാകാരനും നൃത്താധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ (105) അന്തരിച്ചു. കൊയിലാണ്ടിയിൽ ചേലിയയിലെ വസതിയിൽ ഇന്ന് പുലർച്ചെ 4.45 നായിരുന്നു അന്ത്യം. ഒൻപത് പതിറ്റാണ്ടിലധികം കാലം നീണ്ടു നിന്ന കലാ സപര്യയ്ക്കാണ് ഇന്ന് തിരശ്ശീല വീണത്. അവസാന കാലം വരെ പൊതു സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു ഗുരു.

മടൻകണ്ടി ചാത്തുകുട്ടിനായരുടേയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂൺ 26 നായിരുന്നു ഗുരുവിന്റെ ജനനം. 15 വയസ്സിൽ വാരിയംവീട്ടിൽ നാടകസംഘത്തിന്റെ “വള്ളിത്തിരുമണം” നാടകത്തോടെ രംഗപ്രവേശം നടത്തിയ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം അസാമാന്യ പാടവം പ്രദർശിപ്പിച്ചു.

1977-ൽ ഇദ്ദേഹം മലബാർ സുകുമാരൻ ഭാഗവതരോടൊപ്പം പൂക്കാട്‌ കലാലയവും, 1983-ൽ ചേലിയ കഥകളി വിദ്യാലയവും സ്ഥാപിച്ചു. പത്തു കൊല്ലം കേരളസർക്കാർ നടനഭുഷണം എക്‌സാമിനറായും മൂന്നു വർഷം തിരുവനന്തപുരം ദൂരദർശൻ നൃത്തവിഭാഗം ഓഡീഷൻ കമ്മിറ്റി അംഗമായും രണ്ടു വർഷം സംഗീത നാടക അക്കാദമി ജനറൽ കൗ‌ൺസിൽ അംഗമായും ഗുരു സേവനമനുഷ്ടിച്ചു.

1979 -ൽ നൃത്തത്തിന്‌ അവാർഡും 1990 -ൽ നൃത്തത്തിനും കഥകളിക്കും കൂടി ഫെല്ലോഷിപ്പും നൽകി കേരള സംഗീത നാടക അക്കാദമി ഗുരുവിനെ ആദരിച്ചു. 2001 -ൽ കേരള കലാമണ്ഡലം വിശിഷ്ടസേവനത്തിന്‌ അവാർഡ്‌ നൽകി. 2002-ൽ കൊച്ചി കേരളദർപ്പണത്തിൽ നാട്യകുലപതിയായി ബഹുമാനിച്ചു.

സംസ്ഥാനതലത്തിൽ കഥകളിക്ക് ഫോക്‌ലാൻഡ് ഏർപ്പെടുത്തിയ 2011ലെ കാനാ കണ്ണൻ നായർ ആശാന്റെ സ്മരണയ്ക്കായുള്ള നാട്യരത്‌ന പുരസ്‌കാരവും ലഭിച്ചു. 2017 ൽ രാജ്യം പത്മശ്രീ നൽകി ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ ആദരിച്ചു.