ഗുരുവിന്റെ ഭൗതിക ശരീരം കൊയിലാണ്ടിയിൽ പൊതുദർശനത്തിന് വെക്കും
കൊയിലാണ്ടി: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഭൗതിക ശരീരം കൊയിലാണ്ടിയിൽ പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 12.30ന് കൊയിലാണ്ടി ടൗൺ ഹാളിലാണ് പൊതുദർശനത്തിന് വെക്കുന്നത്.
കൊയിലാണ്ടിയിൽ ചേലിയയിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന അതുല്യ പ്രതിഭയാണ് ഗുരു.
കഥകളി, കേരള നടനം എന്നിവയിലെ അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം. കഥകളിക്കായി സ്വയം സമർപ്പിച്ച ഗുരു എട്ട് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിന് ശേഷമാണ് അരങ്ങൊഴിഞ്ഞത്.