ഗുരുവിനെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയത് നൂറ് കണക്കിന് പേർ; ആ നാമം ഇനി അനശ്വരം


കൊയിലാണ്ടി: നാട്യത്തിലും നടനത്തിലും ഗുരുവായ പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഭൗതിക ശരീരം അവസാനമായി കാണാൻ നൂറു കണക്കിനാളുകളാണ് ചേലിയയിലെ വീട്ടിൽ രാവിലെ മുതൽ എത്തിയത്. നിരവധി വർഷം കലാരംഗവുമായി കഴിച്ചുകൂട്ടിയ തലശ്ശേരിയിൽ നിന്നും സംസ്ഥാനത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്നും ശിഷ്യരും പ്രശിഷ്യരുമായ നൂറുകണക്കിനാളുകളാണ് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയത്.

അതി കാലത്തു മുതൽ ഉച്ചയ്ക്ക് 12 30 വരെ വീട്ടിലും തുടർന്ന് കൊയിലാണ്ടി ടൗൺ ഹാളിലും, പൂക്കാട് കലാലയത്തിലും ചേലിയയിലെ കഥകളി വിദ്യാലയത്തിലും, പൊതുദർശനത്തിനു വച്ച ശരീരം നാലു മണിക്കു ശേഷം വീണ്ടും അദ്ദേഹത്തിൻ്റെ വീട്ടിലെത്തിച്ചു. ചിതയിലേക്കെടുക്കും വരെ പല നാടുകളിൽ നിന്നുള്ളവർ കാണാനായെത്തിയിരുന്നു.

തൊഴിൽ എക്സൈസ് വകുപ്പു മന്ത്രി ടി പി രാമകൃഷ്ണൻ, മന്ത്രി എ കെ ശശീന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ രാഘവൻ എം പി, എംഎൽഎ മാരായ കെ ദാസൻ, പുരുഷൻ കടലുണ്ടി, സി കെ നാണു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം പി ശിവാനന്ദൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ്, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ഗോപാലൻ നായർ, പഞ്ചായത്തു പ്രസിഡൻ്റുമാരായ ഷീബ മലയിൽ (ചെങ്ങോട്ടു കാവ്), സതി കിഴക്കയിൽ (ചേമഞ്ചേരി), എ എം സുഗതൻ (അരിക്കുളം).

നഗരസഭാ വൈസ് ചെയർമാൻ കെ സത്യൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാരായ പി വേണു, അജ്നാഫ്, സ്ഥാനാർത്ഥികളായ കാനത്തിൽ ജമീല, സുബ്രഹ്മണ്യൻ, സച്ചിൻ ദേവ്, ധർമ്മജൻ ബോൾഗാട്ടി, ടി സിദ്ദിഖ്, മനയത്ത് ചന്ദ്രൻ, രാഷ്ട്രീയ, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പി വിശ്വൻ, കെ സി അബു, സത്യൻ മൊകേരി, ടി വി ബാലൻ, മുക്കം മുഹമ്മദ്, കെ ടി എം കോയ, എസ് സേതുമാധവൻ, പ്രഭാകരൻ പുന്നശ്ശേരി, ശിവദാസ് ചേമഞ്ചേരി, ഗോപാലൻകുട്ടി, പ്രൊഫ കാവുംവട്ടം വാസുദേവൻ, സുനിൽ തിരുവങ്ങൂർ, കെ കെ മുഹമ്മദ്, കെ ലോഹ്യ, സി സത്യചന്ദ്രൻ, സി അശ്വനി ദേവ് തുടങ്ങിയവർ അന്ത്യാജ്ഞലി അർപ്പിച്ചു.