ഗുരുതരമല്ലാത്ത കോവിഡ് രോഗബാധിതര്‍ എന്ത് മരുന്ന് കഴിക്കണം? എയിംസിലെ ഡോക്ടര്‍മാര്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം ഇങ്ങനെ


ഡല്‍ഹി: കോവിഡ് ബാധിതര്‍ക്ക് എയിംസിലെ ഡോക്ടര്‍മാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. പനി, വരണ്ട ചുമ, ക്ഷീണം, രുചിയോ മണമോ നഷ്ടപ്പെടല്‍ എന്നിവയാണ് കോവിഡ് രോഗികളില്‍ സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍. തൊണ്ട വേദന, തലവേദന, ശരീരവേദന, വയറിളക്കം, ചര്‍മ്മത്തിലെ തടിപ്പുകള്‍, കണ്ണിലെ ചുവപ്പ് എന്നിവയും അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കാണപ്പെടുന്നു. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍, ഉടന്‍ തന്നെ മറ്റുള്ളവരില്‍ നിന്ന് മാറി ഒറ്റയ്ക്ക് നില്‍ക്കണം. കോവിഡ് രോഗബാധ സ്ഥിരീകരിച്ച രോഗികള്‍ക്കായി സംഘടിപ്പിച്ച ”ഹോം ഐസൊലേഷനില്‍ മരുന്നും പരിചരണവും” എന്ന വെബിനാറില്‍ സംസാരിക്കവെ ഡല്‍ഹി എയിംസിലെ ഡോ. നീരജ് നിഷാല്‍ ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സെന്റര്‍ ഓഫ് എക്‌സലന്‍സാണ് വെബിനാര്‍ സംഘടിപ്പിച്ചത്.

ആര്‍ടി-പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍, മറ്റൊരു പരിശോധന കൂടി നടത്തേണ്ടതാണ്. രോഗത്തിന്റെ ഗുരുതരാവസ്ഥ വിലയിരുത്തിയയാണ് ആശുപത്രി പ്രവേശനം ആവശ്യമാണോ എന്ന് തീരുമാനിക്കേണ്ടത്.

മരുന്നുകള്‍ ശരിയായ അളവിലും കൃത്യസമയത്തും കഴിക്കണം. മരുന്നിനെക്കുറിച്ച് അറിഞ്ഞാല്‍ മാത്രം പോര, എങ്ങനെ, എപ്പോള്‍ അവ ഉപയോഗിക്കണമെന്നും രോഗികള്‍ അറിഞ്ഞിരിക്കണം.

60 വയസ്സിനു മുകളിലുള്ള രോഗികളും രക്താതിമര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, വൃക്ക രോഗം, ശ്വാസകോശ രോഗം എന്നീ അനുബന്ധ രോഗാവസ്ഥകളുള്ളവരും വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നതിനുള്ള തീരുമാനം ഡോക്ടര്‍മാരുമായി കൂടിയാലോചിച്ചതിനുശേഷം മാത്രമേ എടുക്കാവൂ.

 

  • കോവിഡ് രോഗബാധ സ്ഥിരീകരിച്ചവര്‍ രോഗബാധ നേരിടുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികള്‍ ഇനിപ്പറയുന്നു.
  • പതിവായി കഴിക്കുന്ന മരുന്നുകള്‍ മുടക്കരുത്.
  • പൊതു ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം.
  • മെഡിക്കല്‍ ഗ്രേഡ് മാസ്‌കുകള്‍ മുന്‍കൂട്ടി സംഭരിക്കണം.
  • ദൈനംദിന അവശ്യങ്ങള്‍ക്കും വസ്തുക്കള്‍ക്കുമായി മുന്‍കൂട്ടി ആസൂത്രണം ചെയ്യണം.
  • ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യമെങ്കില്‍ കൈമാറുന്നതിനായി, ആരോഗ്യ പ്രവര്‍ത്തകരുടെയും, ഹോട്ട്ലൈന്‍ നമ്പറുകളുടെയും പട്ടിക തയ്യാറാക്കി സൂക്ഷിക്കണം.
  • അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി സുഹൃത്തുക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും അയല്‍വാസികളുടെയും നമ്പറുകളും തയ്യാറാക്കി വയ്ക്കണം.
  • കുടുംബത്തിലെ കുട്ടികള്‍ക്ക് ശരിയായ പരിചണം നല്‍കുന്നതിന് ആവശ്യമായ ആസൂത്രണവും നടത്തേണ്ടതാണ്.
  • നേരിയ ലക്ഷണങ്ങളോട് കൂടിയതും ലക്ഷണങ്ങളില്ലാത്തതുമായ രോഗികളെ വീട്ടില്‍ ഐസൊലേഷനില്‍ പാര്‍പ്പിക്കാവുന്നതാണ്. അത്തരം രോഗികള്‍ മറ്റ് കുടുംബാംഗങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് കുട്ടികളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം.
  • പതിവായി ഉപയോഗിക്കുന്ന മരുന്നുകള്‍ രോഗികള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന തരത്തില്‍ ഒരുക്കി വയ്ക്കണം.
  • രോഗിയെ പരിചരിക്കുന്നയാളും ഡോക്ടറും തമ്മില്‍ കൃത്യവും നിരന്തരവുമായ ആശയവിനിമയം ആവശ്യമാണ്.
  • രോഗ ബാധ സ്ഥിരീകരിച്ചവര്‍ എല്ലായ്‌പ്പോഴും മൂന്ന് ലയറുള്ള മാസ്‌ക് ധരിക്കണം.
  • ഓരോ 8 മണിക്കൂറിലും ശരിയായ അണുനശീകരണത്തിന് ശേഷം മാസ്‌കുകള്‍ ഉപേക്ഷിക്കണം.
  • രോഗിയും പരിചാരകനും പരസ്പരം ഇടപഴകുമ്പോള്‍ N-95 മാസ്‌കുകള്‍ ധരിക്കണം.
  • ശരീരത്തിലെ ഓക്‌സിജന്റെ അളവ് ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കാന്‍ പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കണം.
  • പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കുന്നതിന് മുമ്പ് കൃത്രിമ നഖങ്ങളും നെയില്‍ പോളിഷും നീക്കംചെയ്യുകയും രോഗിയുടെ കൈ തണുത്തിരിക്കുകയാണെങ്കില്‍ ചൂടാക്കുകയും വേണം.
  • വീടുകളില്‍ ഐസൊലേഷനില്‍ കഴിയുമ്പോള്‍ രോഗികള്‍ക്ക് കൃത്യമായ വ്യായാമവും ഭാവാത്മക ചിന്തയുമാണ് ആവശ്യമാണ്