ഗുജറാത്തിലും ഒമിക്രോണെന്ന് റിപ്പോര്‍ട്ട്; വൈറസ് ബാധ സ്ഥിരീകരിച്ചത് ജാംനഗര്‍ സ്വദേശിക്ക്, രാജ്യത്തെ മൂന്നാമത്തെ കേസ്


അഹമ്മദാബാദ്: രാജ്യത്ത് ഒരു ഒമിക്രോണ്‍ കേസ് കൂടി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ ജാംനഗര്‍ സ്വദേശിക്കാണ് വൈറസ്ബാധ സ്ഥിരികരീച്ചത്. ഇതോടെ ബെംഗളൂരുവിലെ രണ്ട് കേസുകള്‍ അടക്കം രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. ഒമിക്രോണ്‍ തീവ്രമായില്ലെങ്കില്‍ കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത കുറവാണെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

മുപ്പത് രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം സാന്നിധ്യം അറിയിച്ചെങ്കിലും മരണകാരണമായേക്കാവുന്ന തീവ്രത എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണ് ഭയം വേണ്ടെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിക്കുന്നത്. മുന്‍വകഭേദങ്ങളെക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ ബാധിച്ചവര്‍ക്ക് രോഗമുക്തി കിട്ടുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു.

പുതിയ വകഭേദം നിലവിലുള്ള വാക്സീനുകളെ അതിജീവിക്കുമെന്നതിന് ഇതുവരെ തെളിവുകളില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഒമിക്രോണ്‍ പടര്‍ന്നാലും ഗുരുതരമാകില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം കൊവിഡ് ക്ലസ്റ്ററുകളില്‍ രോഗവ്യാപനം തീവ്രമാകരുതെന്ന മുന്നറിയിപ്പ് ആരോഗ്യമന്ത്രാലയം നല്‍കിട്ടുണ്ട്. ‘

പത്ത് ശതമാനത്തിനടുത്ത് ചില ജില്ലകളില്‍ നില്‍ക്കുന്ന പൊസിറ്റിവിറ്റി നിരക്ക് ജാഗ്രതയോടെ കാണണമെന്നാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലെ വ്യാപനം തടയാന്‍ കൂടുതല്‍ ശ്രദ്ധ വേണം. തീവ്രവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളിലെ പൊസിറ്റീവ് കേസുകള്‍ ജനിതക ശ്രേണീകരണം നടത്തണമെന്നും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു. വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധനയില്‍ പൊസിറ്റീവായവരുടെ സാമ്പിള്‍ പരിശോധനാ ഫലം രണ്ട് ദിവസത്തിനുള്ളില്‍ അറിയാമെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.