ഗാന്ധിജിയുടെ ഓർമ്മകൾ നെഞ്ചിലേറ്റി പാക്കനാർപുരത്തെ ഗാന്ധി സദനം
ഇന്ന് ഗാന്ധി ജയന്തി. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാ ഗാന്ധിയുടെ 152ാം ജന്മവാര്‍ഷികം. സത്യവും അഹിംസയും ജീവിതവ്രതമാക്കിയ ഗാന്ധിജി സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ്. ഗാന്ധിജിയുടെ മഹത്വം ഏറെ പ്രസക്തമായ ഒരുകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എന്നാല്‍ 1948 ജനുവരി 30ന് മതഭ്രാന്തന്റെ വെടിയുണ്ടകള്‍ ചെന്നുതറച്ചത് ഒരു ജനതയുടെ ആത്മാവിലായിരുന്നു.
ഗാന്ധി ജയന്തി ദിനത്തില്‍ തുറയൂരുകാര്‍ക്ക് പറയാനുള്ളത് പാക്കനാര്‍പുരത്തെക്കുറിച്ചാണ്. മഹാത്മഗാന്ധിയുടെ വരവോടെ ചരിത്രത്തില്‍ ഇടം പിടിച്ച പാക്കനാര്‍പുരത്തെ ഗാന്ധിസദനം. പട്ടികജാതിക്കാര്‍ക്കായുള്ള ഹോസ്റ്റലും പള്ളിക്കൂടവും ഉദ്ഘാടനം ചെയ്യാനാണ് മഹാത്മജി 1934യില്‍ ഇവിടെ എത്തിയത്.
ഇരിങ്ങത്തെ പാക്കനാര്‍ പുരത്തെത്തി നൂറ് മീറ്റര്‍ യാത്ര ചെയ്താല്‍ ഗാന്ധിജിയുടെ ഓര്‍മകളെ നെഞ്ചിലേറ്റുന്ന കൊച്ചുകെട്ടിടം ഗാന്ധിസദനത്തിലെത്താം. കേരള ഗാന്ധി കെ.കേളപ്പന്‍ പലരില്‍ നിന്നും സമാഹരിച്ച പണം കൊണ്ട് ഭൂമി വാങ്ങിയാണ് പട്ടിക ജാതിക്കാരായ ആളുകള്‍ക്ക് വേണ്ടി ഹോസ്റ്റലും വിദ്യാലയവും സ്ഥാപിച്ചത്. മൂടാടി – തിക്കോടി മേഖലയിലെ ദളിതരുടെ ഉന്നമനത്തിൽ വലിയ സ്ഥാനമാണ് ഈ സ്ഥാപനത്തിനുള്ളത്.
കേളപ്പജിയുടെ അഭ്യര്‍ത്ഥന പ്രകാരം 1934യില്‍ ഗാന്ധിജിയെത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ഗാന്ധിജിയുടെ പാദസ്പര്‍ശം ഏറ്റതോടെ ഈ കെട്ടിടം പിന്നീട് ഗാന്ധി സദനം എന്ന് അറിയപ്പെടാന്‍ തുടങ്ങി.
സ്വാതന്ത്ര്യ സമര നേതാക്കളുടെ വീര്യവും വിയർപ്പുമറിഞ്ഞ ഇടമാണിത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരം വൈദേശിക ശക്തികളിൽ നിന്നുമുള്ള മോചനം മാത്രമല്ല, വിവേചനത്തിൽ നിന്നും അസമത്വത്തിൽ നിന്നുമുള്ള ഇന്ത്യൻ ജനതയുടെ മോചനം കൂടി വിഭാവനം ചെയ്തിരുന്നു എന്നതിന്റെ നേർ സാക്ഷ്യമാണ് ഈ ഗാന്ധി സദനം.
സ്വാമി ആനന്ദ തീർത്ഥൻ , എ.കെ.ജി എന്നിവർ ആദ്യകാല അധ്യാപകനായിരുന്നു. മുൻ മന്ത്രി വെള്ളാ ഈച്ചരൻ അഖില മലബാർ ഹരിജൻ സമാജത്തിന്റെ സ്ഥാപക നേതാവായ പി.എം ഉണ്ണികൃഷ്ണൻ എന്നിവർ ആദ്യകാല വിദ്യാർത്ഥിയായിരുന്നു.
പക്ഷേ ഗാന്ധി സ്മരണകളില്‍ ഉറങ്ങുന്ന ഈ കെട്ടിടം ഇന്ന് നാശത്തിന്റെ വക്കിലാണ്. ചിതല്‍ പിടിച്ചും ഓടുകള്‍ തകര്‍ന്നും പൊളിഞ്ഞ് വീഴാനായ അവസ്ഥയിലാണ് ഇന്ന് ഗാന്ധിസദനം. ഗാന്ധിജിയുടെ പാദ സ്പര്‍ശം കൊണ്ട് അനുഗ്രഹീതമായ ഇവിടം ചരിത്രത്താളുകളില്‍ മാത്രമായി അവശേഷിക്കുമോ എന്ന ഭയത്തിലാണ് ഇവിടുത്തുകാര്‍.