ഗള്‍ഫില്‍ നിന്നും കടത്തിയ അരക്കോടി രൂപയുടെ സ്വര്‍ണവുമായി മുങ്ങി; പുറമേരി സ്വദേശിയെ തിരഞ്ഞ് ക്വട്ടേഷന്‍ സംഘം വീട്ടിലെത്തി


വടകര: ഗള്‍ഫില്‍ നിന്നും കടത്തിയ അരക്കോടി രൂപയുടെ സ്വര്‍ണവുമായി പുറമേരി സ്വദേശി മുങ്ങി. ഇയാളെ തേടി ക്വട്ടേഷന്‍ സംഘം പുറമേരിയിലെ വീട്ടിലെത്തിയതോടെയാണ് പൊലീസിന് ഇതുസംബന്ധിച്ച സൂചനലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷാര്‍ജയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സ്വര്‍ണവുമായി ഇയാള്‍ ഇറങ്ങിയത്. കാസര്‍കോടി സ്വദേശിയാണ് ഇയാളുടെ പക്കല്‍ സ്വര്‍ണം കൊടുത്തയച്ചത്. വിമാനത്താവളത്തില്‍ ഇയാളെക്കാത്ത് കാസര്‍കോട് സ്വദേശി ചുമതലപ്പെടുത്തിയ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ച് യുവാവ് കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് കാസര്‍കോട് നിന്നെത്തിയവര്‍ യുവാവിന്റെ വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും വീട്ടുകാര്‍ക്കും യുവാവിനെക്കുറിച്ച് ഇതുവരെ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് മനസിലായി. ഇത് വീട്ടകാരിലും നാട്ടുകാരിലും ഭീതി പരത്തിയിട്ടുണ്ട്. സംഘം യുവാവിന്റെ ഭാര്യവീട്ടിലും അന്വേഷണം നടത്തിയിട്ടുണ്ട്.

ഇതിനിടെ, വ്യാഴാഴ്ച രാവിലെ ഷാര്‍ജയില്‍ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് പുറമേരിക്കാരന്റെ വീട്ടിലെത്തുകയും സ്വര്‍ണവും മറ്റ് സാധനങ്ങളും പുറമേരി സ്വദേശിയുടെ അടുത്ത് കൊടുത്തയച്ചിരുന്നെന്നും ഇത് ലഭിക്കാതായതോടെയാണ് വീട്ടിലേക്ക് തേടിയെത്തിയതെന്നും പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ കാഞ്ഞങ്ങാട് സ്വദേശിയെക്കുറിച്ച് നാദാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി പറഞ്ഞതിനെ തുടര്‍ന്ന് നാദാപുരം പൊലീസെത്തി ഇയാളെ സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു.

സ്വര്‍ണവുമായെത്തിയ പുറമേരിയിലെ യുവാവ് സ്വര്‍ണം കണ്ണൂര്‍ ജില് കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ ടീമിന് കൈമാറിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവള പരിസരത്തുവെച്ച് തന്നെ പുറമേരി സ്വദേശി സ്വര്‍ണം കണ്ണൂര്‍ സംഘത്തിന് കൈമാറുകയായിരുന്നു.