ഗതാഗത മന്ത്രിയുടെ അഭ്യര്‍ത്ഥന തള്ളി; ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സി പണിമുടക്ക്
തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സി തൊഴിലാളി യൂണിയനുകള്‍ പണിമുടക്കും. സമരത്തില്‍ നിന്ന് പിന്മാറണമെന്ന ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജുവിന്റെ അഭ്യര്‍ത്ഥന ഇടത് അനുകൂല സംഘടന ഉള്‍പ്പെടെ മൂന്ന് അംഗീകൃത യൂണിയനുകളും തള്ളി.
യൂണിയനുകളുടെ നിലപാട് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഒമ്പത് വര്‍ഷമായി കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കിയിട്ടില്ല.
ഇന്നലെ രാത്രിയും യൂണിയനുകളുമായി മന്ത്രിതല ചര്‍ച്ച നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാന്‍ യൂണിയനുകള്‍ തീരുമാനിച്ചത്. എന്നാല്‍ യൂണിയനുകളുടെ കടുംപിടിത്തമാണ് പണിമുടക്കിന് കാരണമെന്നാണ് മന്ത്രിയുടെ നിലപാട്.
കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ ഇന്ന് രാത്രി മുതല്‍ ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറും ഇടത് അനുകൂല യൂണിയനും ബി.എം.എസും വെള്ളിയാഴ്ചയുമാണ് പണിമുടക്കുന്നത്.
ശമ്പളപരിഷ്‌കരണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചതാണ്.
30 കോടിയുടെ അധികബാധ്യതയുണ്ടാവും. അന്തിമതീരുമാനത്തിന് കൂടുതല്‍ സമയം വേണമെന്ന് മാത്രമാണ് സര്‍ക്കാരിന്റെ ആവശ്യം.