ആ തലയെടുപ്പ് ഇനി ഓർമ്മ; ഗജരാജൻ മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു


പാലക്കാട്: കേരളത്തിലെ നാട്ടാനകളില്‍ പ്രമുഖനായ മംഗലാംകുന്ന് രാമചന്ദ്രന്‍ ചരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള ആനയാണ് രാമചന്ദ്രൻ. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള മുന്‍നിര ഉത്സവങ്ങളിലേക്ക് മംഗലാക്കുന്നില്‍ നിന്നും ആനകള്‍ എത്താറുണ്ട്.

ഒരു മാസത്തിനിടെ മംഗലാംകുന്നിൽ ചരിയുന്ന മൂന്നാമത്തെ ഗജവീരനാണ് രാമചന്ദ്രൻ. ഈ വർഷം നാലാമത്തേയും. നേരത്തെ മംഗലാം കുന്ന് രാജൻ, മംഗലാം കുന്ന് കർണൻ, മംഗലാംകുന്ന് ഗജേന്ദ്രൻ എന്നീ ആനകൾ ചരിഞ്ഞിരുന്നു. ജില്ലയിൽ ഇനി അവശേഷിക്കുന്നത് 29 നാട്ടാനകളാണ്.

ഈവര്‍ഷം ആദ്യമാണ് ആനപ്രേമികളുടെ പ്രിയങ്കരന്‍ ഗജരാജന്‍ കര്‍ണന്‍ ചരിഞ്ഞത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നായിരുന്നു കര്‍ണന്‍ ചരിഞ്ഞത്. സിനിമ താരങ്ങളുടേതു പോലെ സംസ്ഥാനത്തു ഫാന്‍സ് അസോസിയേഷനുകളുള്ള ഗജവീരനായിരുന്നു കര്‍ണന്‍. ടിന്റുമോന്‍ എന്ന ഓമനപ്പേരിലറിയപ്പെട്ടിരുന്ന മംഗലാംകുന്ന് മംഗലാംകുന്ന് രാജന്‍ കഴിഞ്ഞ നവംബറിലാണ് ചരിഞ്ഞത്.

ഇഴഞ്ഞ തുമ്പികൈ, 18 നഖം, ഉയര്‍ന്ന മസ്തകം വിടര്‍ന്ന കണ്ണുകള്‍, തെളിഞ്ഞ കൊമ്പ്, 3 അടിയിലേറെ ഉയരമുള്ള കാലുകള്‍ തുടങ്ങി ലക്ഷണ ശാസ്ത്രത്തില്‍ പറയുന്ന ഓരോ ലക്ഷണവും ഒത്തു ചേര്‍ന്നവയാണ് മംഗലാം കുന്നിലെ ഗജവീരന്മാര്‍. കേരളത്തിലെ ഏറ്റവും മികച്ച അഞ്ച് ആനകളുടെ പേരെടുത്താല്‍ അവയില്‍ മൂന്നും മംഗലാം കുന്നു ആനത്തറവാടിന്റെ സന്തതികളായിരിക്കും. ഉത്സവപ്പറമ്പുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഇവിടെത്തെ ആനകള്‍. ആനച്ചന്തം, പട്ടാഭിഷേകം എന്നീ നിരവധി ചലച്ചിത്രങ്ങളില്‍ താര സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. മനം നിറഞ്ഞു സ്നേഹിച്ചുമനസു നിറഞ്ഞു നല്‍കിയാല്‍ ഏതു വന്യ ജീവിയും സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാകുമെന്നു മംഗലാം കുന്നു സഹോദരങ്ങള്‍ തെളിയിച്ചിരിക്കുന്നത്.