ഖബറുരയുന്നത്


ബിജിന ഈശ്വരൻവീട്ടിൽ

പുസ്തക രൂപത്തിൽ ഇറങ്ങും മുൻപ് വായനക്കാർക്കിടയിൽ ചർച്ച ചെയ്യപ്പെട്ട നോവൽ, കെ.ആർ.മീരയുടെ ഖബർ. ഇടക്കാലത്തു വായന, മടിയുടെ മൂടുപടമണിഞ്ഞതിനാൽ നോവൽ സ്വന്തമാക്കണം എന്നൊരു ചിന്ത എന്നിലേക്കെത്തിയില്ല. ചില സൗഹൃദങ്ങളിൽ നിന്നുമുയർന്ന അഭിപ്രായങ്ങൾ എന്നെയും ഖബറിലേക്കെത്തിച്ചു.

വലിയൊരു നോവൽ ആണെന്ന മുൻധാരണയായിരുന്നു നോവലിലേക്കെത്താനുള്ള പ്രധാന മടി. എന്നാൽ കോഴിക്കോട് ഡിസി യിൽ നിന്നും നോവൽ സ്വന്തമാക്കിയപ്പോൾ ഒരു കുഞ്ഞു നോവൽ എന്നത് വായനയ്ക്കുള്ള ആവേശം ഉയർത്തി. നല്ല വേഗത്തിൽ ഖബറിനോപ്പമുള്ള എന്റെ യാത്ര അവസാനിച്ചു.

ജില്ലാ ജഡ്ജിയായ ഭാവനയുടെ വ്യക്തിജീവിതവും സാമൂഹിക ജീവിതവും ഇഴ ചേർത്തു വരയ്ക്കുന്നതിനോടൊപ്പം അവരുടെ ഔദ്യോഗിക ജീവിതത്തിന്റെ വഴിത്താരയിൽ കടന്നു വരുന്ന ഒരു കേസും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന ചില സംഭവങ്ങളുമായി ഖബർ മുന്നോട്ട് നീങ്ങുന്നു. കോടതി വളപ്പിൽ നിന്നാണ് കഥയുടെ ആരംഭം. പാരമ്പര്യമായി കൈമാറി വന്ന ഒരു വസ്തുവിൽ സ്ഥിതി ചെയ്യുന്ന പൂർവികന്റെ ഖബർ പൊളിക്കുന്നതുമായി ബന്ധപ്പെട്ടു ഉണ്ടായ തർക്കമാണ് കേസിനസ്പദമായ വിഷയം.

ഐതീഹ്യങ്ങളും ചരിത്രവും മിത്തും ഇഴചേർന്നു നോവൽ പുരോഗമിക്കുമ്പോൾ സമകാലീന രാഷ്ട്രീയവും ജീവിതവും കൂടി കലരുന്നു. സഹപാഠികളായി പ്രണയിച്ചു ജീവിതം ആരംഭിച്ച പ്രമോദും ഭാവനയും ജീവിതത്തിന്റെ പാതിവഴിയിൽ വേർപിരിയുകയാണ്. തുല്യത ഇല്ലാത്ത ജീവിതത്തിൽ ഒത്തുപോകാൻ കഴിയാതെ വേർപിരിയുന്നിടത്ത് നിന്നും ഭാവനയുടെ ജീവിതത്തിന്റെ തിരിച്ചു വരവ് കാണാം.

എന്നും ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ സൃഷ്ടികളിൽ നിറഞ്ഞു നിന്നിരുന്ന നോവലിസ്റ്റിന്റെ മറ്റൊരു ശക്തമായ കഥാപാത്രം തന്നെയാണ് ഭാവന. അതുപോലെ തന്നെയാണ് ഭാവനയുടെ അമ്മയും. കാലങ്ങളോളം ഇഷ്ടങ്ങൾ ബാലികഴിച്ചു ജീവിച്ചിട്ട് ഒടുവിൽ സ്വന്തം ഇഷ്ടത്തിന് കുറച്ചു കാലം എങ്കിലും ജീവിക്കണം എന്നുള്ള തീരുമാനത്തിൽ കഴിയുന്നു. സ്വന്തം ജീവിതം സ്വയം തിരഞ്ഞെടുക്കുന്ന രണ്ടു സ്ത്രീ കഥാപാത്രങ്ങൾ.

നോവലിൽ നടക്കുന്ന കേസ് സമകാലീന രാഷ്ട്രീയവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നു. പൂർവികരുടെ ഖബർ നിലനിർത്താൻ ഉള്ള ഖയാലുദ്ധീൻ തങ്ങളുടെ ആവശ്യം കോടതി തള്ളുന്നു. ഖബർ ഉണ്ടെങ്കിലും അതിനുള്ള തെളിവുകളോ ചരിത്രരേഖകളോ കോടതിയിൽ സമർപ്പിക്കാൻ കഴിഞ്ഞില്ല എന്നതാണ് ന്യായം. കോടതി പരിഗണിക്കുന്നത് തെളിവുകൾ മാത്രമാണ്. ആ തെളിവുകളുടെ അഭാവം മൂലം ഇന്നത്തെ സമൂഹത്തിൽ നഷ്ടമായ പലതിന്റെയും വെളിപ്പെടുത്തലുകൾ കൂടിയാണ് നോവൽ.

“ഒരാളുടെ സേവനങ്ങൾക്കു മറ്റൊരാൾ നൽകുന്ന പ്രതിഫലമല്ല, സ്നേഹം. അത് ഒരാൾ മറ്റേയാളിൽ കണ്ടെത്തുന്ന പൂർണതയാണ്”. ആ പൂർണത ഖയാലുദ്ധീൻ തങ്ങളിൽ കണ്ടെത്തുന്നുണ്ട് ഭാവന. തങ്ങളുടെ കൺക്കെട്ട് വിദ്യയിലൂടെ ഭ്രമകല്പനയുടെ മറ്റൊരു ലോകത്തിലേക്ക് ഭാവനയെ കൂട്ടിക്കൊണ്ടുപോകുവാൻ തങ്ങൾക്ക് സാധിക്കുന്നു. അവരുടെ ലോകം ചുരുങ്ങിയ വാക്കുകളിൽ മനോഹരമായി അവതരിപ്പിക്കാൻ നോവലിസ്റ്റിനു സാധിച്ചിട്ടുണ്ട്.

വ്യക്തിജീവിതവും കുടുംബജീവിതവും കൂടാതെ നമ്മുടെ സാമൂഹിക ജീവിതവും രാഷ്ട്രീയവും എല്ലാം കടന്നു വരുന്ന ഒരു നോവൽ. കുഞ്ഞു നോവൽ ആണെങ്കിലും ഇനിയും ഒരുപാട് പറയാൻ ചിന്തിക്കാൻ ബാക്കി വെച്ചു കൊണ്ടു പൂർത്തിയാക്കിയിരിക്കുന്നു.