ഖത്തറില്‍ വാഹനാപകടം: മണിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു
കോഴിക്കോട്: ഖത്തറിലെ ലുവൈനിയയിലുണ്ടായ വാഹനപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. ഖത്തറിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമായ കോഴിക്കോട് മണിയൂര്‍ കുന്നുമ്മല്‍ അബ്ദുല്‍ സലാമിന്റെ മകന് മിസ്ഹബ് അബ്ദുല്‍ സലാമാണു മരിച്ചത്. പതിനൊന്ന് വയസ്സാണ്.
ദുഖാന് ദോഹ എക്സ്പ്രസ് റോഡിലെ ലുവൈനിയയില്‍ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. സഹോദരങ്ങളും ബന്ധുക്കളും ഉള്‍പ്പെടെ ആറുപേരുടെ സംഘം സഞ്ചരിച്ച കാര്‍ ദുഖാനില്‍ നിന്നും ദോഹയിലേക്ക് യാത്രചെയ്യവെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ച മിസ്ഹബിന് ഗുരുതരമായി പരിക്കേറ്റു. എയര്‍ ആംബുലന്‍സില്‍ ഉടന്‍ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. അപകടത്തില്‍ മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഒരാള്‍ ഒഴികെ എല്ലാവരും ഇന്നലെ തന്നെ ആശുപത്രി വിട്ടു.
ദുഖാന് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മിസ്ഹബ്. മാതാവ്: ആബിദ. സഹോദരങ്ങള്‍: സന, ദില്‍ന, മുഹമ്മദ്, ഫാത്തിമ, മഹദ്. വെള്ളിയാഴ്ച വൈകീട്ടോടെ അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.