കർണ്ണാടക മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ കൊച്ചുമകൾ വീട്ടിൽ മരിച്ചനിലയിൽ; ആത്മഹത്യെയെന്നാണ് പ്രാഥമിക നിഗമനം


ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകൾ ബെംഗളൂരുവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിവാജി നഗറിലെ അപ്പാർട്ട്മെൻ്റിലെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് സൗന്ദര്യയെ കണ്ടെത്തിയത്.

പോസ്റ്റ്മോർട്ടം നടപടികൾക്കായി സൗന്ദര്യയുടെ മൃതദേഹം ബോറിങ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. എം എസ് രാമയ്യ ആശുപത്രിയിൽ ഡോക്ടർ ആയിരുന്നു സൗന്ദര്യ.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സൗന്ദര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിക്കാർ വാതിലിൽ മുട്ടിവിളിച്ചെങ്കിലും അകത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. തുടർന്ന് ഭർത്താവ് നീരജിനെ വിവരമറിയിച്ച ശേഷം വാതിൽ ബലമായി തുറന്നാണ് അകത്തുകയറിയത്.

രണ്ട് വർഷം മുൻപ് വിവാഹം കഴിഞ്ഞ സൗന്ദര്യ ഭർത്താവിനൊപ്പം വസന്ത്നഗറിലെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഇവർക്ക് ആറ് മാസം പ്രായമുള്ള കുട്ടിയുണ്ട്.

ഡിസിപി നേതൃത്വത്തിൽ പോലീസ് ഫ്ലാറ്റിൽ പരിശോധന നടത്തി. പ്രാഥമിക തെളിവുകൾ പ്രകാരം ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്.

വിവരമറിഞ്ഞ് യെദ്യൂരപ്പ അടക്കമുള്ള ബന്ധുക്കൾ ആശുപത്രിയിലെത്തി. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആശുപത്രി സന്ദർശിച്ചു.