കൗൺസിലറും കുടുംബശ്രീ പ്രവർത്തകരും മുന്നിട്ടിറങ്ങി; ആഴാവിൽ കനാലിന് സമീപത്തെ ഭീതിയൊഴിഞ്ഞു


കൊയിലാണ്ടി: ആഴാവില്‍ ക്ഷേത്രത്തിന് സമീപത്തെ പൊന്തക്കാട് നിറഞ്ഞു കിടക്കുന്ന കനാല്‍ വൃത്തിയാക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍. കൊയിലാണ്ടി നഗരസഭ വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ എ ഇന്ദിരയുടെ നേതൃത്വത്തില്‍ മുപ്പതോളം കുടുംബശ്രീ പ്രവര്‍ത്തകരാണ് കനാലിലെ കാടും വളളിപടര്‍പ്പുകളും വെട്ടി മാറ്റി ശുചീകരിച്ചത്.

കഴിഞ്ഞ മഴക്കാലത്ത് കനാലിലേക്ക് തൊട്ടടുത്തുളള മലയില്‍ നിന്ന് വലിയ പാറയും മണ്ണും മരങ്ങളും ഇടിഞ്ഞു വീണിരുന്നു. ഇത് മാറ്റാന്‍ നാലര ലക്ഷം രൂപയുടെ പ്രവൃത്തി ടെണ്ടര്‍ ചെയ്തു കരാര്‍ ഉറപ്പിച്ചിട്ടുണ്ട്. കല്ലും മണ്ണും വീണു കിടക്കുന്ന സ്ഥലം വരെയുളള കനാലിന്റെ ഭാഗമാണ് കുടുംബശ്രി പ്രവര്‍ത്തകര്‍ വൃത്തിയാക്കിയത്.

 

കനാലില്‍ കാട് വളര്‍ന്നതോടെ ജല വിതരണം പോലും ഇവിടെ പ്രയാസമായിരുന്നു. പൊന്തക്കാടും ഇഴജന്തുക്കളും കൂടിയതോടെ ആള്‍പെരുമാറ്റവും ഇല്ലാതായി. ഇവിടെയാണ് കുടുംബശ്രി പ്രവര്‍ത്തകര്‍ ശുചീകരണം നടത്തിയത്.

അടുത്ത മാസത്തോടെ പെരുവണ്ണാമൂഴി ഡാമില്‍ നിന്ന് ജലവിതരണം ആരംഭിക്കും.വേനല്‍കാലത്ത് നടേരി,കാവുംവട്ടം,മരുതൂര്‍ ഭാഗങ്ങളിലെ ജനങ്ങള്‍ ആശ്രയിക്കുന്നത് കനാല്‍ വെള്ളമാണ്. പുഞ്ച നെല്‍കൃഷിയും പച്ചക്കറി കൃഷിയും വാഴകൃഷിയുമെല്ലാം നടത്തുന്നത് കനാല്‍ വെള്ളമുപയോഗിച്ചാണ്. ജലവിതരണം സുഗമമായി നടക്കണമെങ്കില്‍ കനാലില്‍ വീണു കിടക്കുന്ന കല്ലും മണ്ണും മരങ്ങളും നീക്കം ചെയ്യേണ്ടതുണ്ട്.