കൗമാര സുരക്ഷ ഉറപ്പാക്കാനായി നൊച്ചാട് ഹയർ സെക്കന്ററി സ്കൂളിൽ അഡോളസന്റ് ബ്രിഗേഡ്


പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കന്ററി സ്കൂളിൽ കൗമാര ശാക്തീകരണ പരിശീലന പരിപാടി ‘ചങ്ക്’ (ക്യാമ്പയിൻ ഫോർ അഡോളസൻ്റ് നേർചറിംഗ് കോഴിക്കോട്) ന് തുടക്കമായി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് എഡ്യു കെയർ പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടപ്പാക്കുന്നത്.

കൗമാരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും സുരക്ഷ ഉറപ്പാക്കാനും കൗമാരക്കാരെത്തന്നെ പ്രയോജനപ്പെടുത്തുന്ന രീതിയാണ് ചങ്ക് മുന്നോട്ട് വെക്കുന്നത്. അഡോളസന്റ് ബ്രിഗേഡ് എന്ന പേരിലുള്ള നേതൃപാടവവും ആശയ വിനിമയ ശേഷിയും സാമൂഹിക പ്രതിബദ്ധതയുമുള്ള സ്കൂളിലെ കുട്ടികളുടെ ഗ്രൂപ്പിനാണ് ജില്ലാ പഞ്ചായത്ത് നിയമിക്കുന്ന മെന്റർമാരുടെ നേതൃത്വത്തിൽ ആദ്യ ഘട്ടത്തിൽ പരിശീലനം കൊടുക്കുന്നത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


സുരക്ഷിത കൗമാരം ഉറപ്പാക്കാനും ചതികുഴികൾ തിരിച്ചറിയാനും കൗമാരക്കാരുടെ പഠന പെരുമാറ്റ പ്രശ്നങ്ങൾ പരിഹരിക്കാനും ഓരോ ക്ലാസ്സിലും ഇനി കുട്ടികൾക്ക് ചങ്കായി ബ്രിഗേഡ് അംഗങ്ങളുടെ കൈത്താങ്ങുണ്ടാവും.സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കൗമാരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും സുരക്ഷ ഉറപ്പാക്കാനും കൗമാരക്കാരെ പ്രയോജനപ്പെടുത്തുന്നത്. പിന്നീട് ബ്രിഗേഡുകളുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികളിലേക്കും സന്ദേശമെത്തിക്കും.

ഡോക്ടർമാർ, കൗൺസിലർമാർ, മനശ്ശാസ്ത്ര വിദഗ്ദ്ധർ എന്നിവരുടെ നേതൃത്വത്തിൽ ജനുവരി 31 വരെ നീണ്ടു നിൽക്കുന്ന പദ്ധതിയാണിത്. കൗമാര വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധർ തയ്യാറാക്കിയ നാല് മൊഡ്യൂളുകൾ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും പങ്കുവെക്കും .ക്ലാസ്സുകൾക്ക് പുറമെ കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ മെൻറർമാരുമായി പങ്കുവെക്കുന്നതിനുള്ള അവസരവും ഒരുക്കുന്നുണ്ട്.

പഠന നൈപുണികളും പ്രവർത്തന പദ്ധതികളും എന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ എഡ്യു കെയർ കോഡിനേറ്റർ നസീർ നൊച്ചാട് അധ്യക്ഷത വഹിച്ചു. ചങ്ക് മെന്റർ ഡോ. തുഷാര. സി.എച്ച്. പരിശീലനത്തിന് നേതൃത്വം നൽകി. ചങ്ക് കോഡിനേറ്റർ സി. നസീറ കെ. ഷാഹിൻ, , സ്റ്റാഫ് സെക്രട്ടറി വി.എം. അഷ്റഫ്, സ്കൂൾ ഐ.ടി കോഡിനേറ്റർ റഷീദ്.പി.പി.സി, സജീബ്, സനൂപ്. എസ്.കെ എന്നിവർ പ്രസംഗിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.