കൗമാരക്കാരെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്താന്‍ ‘ചങ്ക്’; മേപ്പയ്യൂര്‍ വൊക്കേഷണല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പദ്ധതിക്ക് തുടക്കമായി


മേപ്പയ്യൂര്‍: കൗമാരക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് എഡ്യൂകെയര്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്ന ചങ്ക്് പരിപാടിക്ക് മേപ്പയ്യൂര്‍ വൊക്കേഷണല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. കൗമാരക്കാരുടെ പെരുമാറ്റ പ്രശ്‌നങ്ങളും, പഠന പ്രശ്നങ്ങളും തിരിച്ചറിയാനും ഇവ പരിഹരിക്കാന്‍ ഇവരേയും രക്ഷിതാക്കളേയും പ്രാപ്തരാക്കലുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഒപ്പം ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഓഫ് ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് മാറുമ്‌ബോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തരണംചെയ്യാന്‍ കുട്ടികളെയും രക്ഷിതാക്കളെയും പ്രാപ്തരാക്കുക, കുട്ടികളുടെ പരീക്ഷയും പഠനവും അത് സംബന്ധിച്ച് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഹരിക്കുന്നതിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി പിന്തുണയ്ക്കുക തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യമിടുന്നത്

സ്‌കൂള്‍ തല മെന്റര്‍ ഗ്രൂപ്പു പരിശീലനം പി ടി എ പ്രസിഡന്റ് കെ.രാജീവന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഹെഡ്മാസ്റ്റര്‍ വി.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എന്‍.വി നാരായണന്‍ സ്വാഗതം പറഞ്ഞു. ഇ ഗീത, സഞ്ജയ് ബാബു, പി.രമ്യ എന്നിവര്‍ സംസാരിച്ചു. മെന്റര്‍ ഡോ: സുബിന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.