കൗതുകം, ആകാംക്ഷ, സന്തോഷം; ആദ്യാക്ഷര നിറവിൽ കുരുന്നുകൾ; ആഘോഷമായി കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തിലെ വിദ്യാരംഭം (ചിത്രങ്ങൾ കാണാം)
കൊയിലാണ്ടി: പുത്തനുടുപ്പും ഇട്ടു അച്ഛന്റേം അമ്മയുടെയും ഒപ്പം ക്ഷേത്രത്തിലേക്ക് ചുവടു വെക്കുമ്പോൾ തങ്ങളുടെ അതെ പ്രായത്തിലുള്ള അനേകരെ കണ്ട കൗതുകമായിരുന്നു. നിര നിരയായി അച്ഛൻ അമ്മമാരുടെ മടിയിൽ ഇരിക്കുമ്പോഴും എന്താണ് സംഭവിക്കുന്നത് എന്ന ആകാംക്ഷയായിരുന്നു പല മുഖങ്ങളിലും. കൊല്ലം പിഷാരിക്കാവ് ക്ഷേത്രമാണ് അനേകം കുരുന്നുകളുടെ ആദ്യാക്ഷര ദിനത്തിന് സാക്ഷ്യം വഹിച്ചത്.
ആദ്യാക്ഷരത്തിന്റെ അമൃതം നുകരാൻ മാതാപിതാക്കളുടെ മടിയിൽ ഇരിക്കുമ്പോൾ ചിലരുടെ ആകാംക്ഷ പുഞ്ചിരിക്ക് വഴിയൊരുക്കി, അരിയിൽ തൊട്ടപ്പോൾ ഉള്ള ആശങ്ക ചിലർക്ക് സങ്കടത്തിന്റെ അലാറമായി മാറി. ഉറപ്പിന് വേണ്ടി വീണ്ടും അമ്മയുടെ മുഖത്തു നോക്കി, ഒന്നും കൂടെ ചേർന്നിരുന്നു അവർ ആദ്യമായി എഴുതി, ഭാവിയിൽ ലോകത്തിന്റെ തലവര തന്നെ മാറ്റി മറിക്കാൻ കഴിവുള്ള ഇത്തിരിക്കുഞ്ഞന്മാരുടെ വിദ്യാരംഭം കൗതുകമായി.
അഞ്ഞൂറോളം കുരുന്നുകളാണ് കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തിൽ ഇത്തവണ ഹരിശ്രീ കുറിച്ചത്. മേൽശാന്തി കാർമികത്വം വഹിച്ചു. രക്ഷിതാക്കളുടെ മടിയിലിരുന്ന് ആദ്യാക്ഷരം എഴുതിയത് കൗതുകമുണർത്തിയ കാഴ്ചയായിരുന്നു. കോവിഡിന് ശേഷമാണ് രക്ഷിതാക്കളുടെ മടിയിലിരുന്ന് ഹരിശ്രീ കുറിക്കുന്ന രീതിയിലേക്ക് മാറ്റിയത്.
കുട്ടികളോടൊപ്പം എത്തിയ ബന്ധുജനങ്ങളും മറ്റു ഭക്തരും എത്തിയതോടെ ക്ഷേത്രത്തിൽ ഭക്തജനതിരക്കനുഭവപ്പെട്ടു. കോഴിക്കോട് അമൃത് നാഥും സംഘവും അവതരിപ്പിച്ച നാദസ്വരക്കച്ചരിയോടെയാണ് ഇന്നത്തെ പരിപാടികള്‍ ആരംഭിച്ചത്. അതിനുശേഷം ആണ് വിദ്യാരംഭം തുടങ്ങിയത്.
വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഭക്തജനങ്ങള്‍ ക്ഷേത്രാങ്കണത്തിലേക്ക് ഒഴുകി എത്തിയത്. കോവിഡിന് ശേഷം വിപുലമായ ചടങ്ങുകളോടെ ആദ്യാക്ഷരം കുറിക്കുന്നത് ഇത്തവണയാണ്. പത്ത് ദിവസം നീണ്ട് നിന്ന നവരാത്രി ആഘോഷ പരിപാടികള്‍ക്ക് ഇന്ന് വിരാമം കുറിക്കും.