ക്ഷേത്രത്തിൽവെച്ച് കതിനയിൽ വെടിമരുന്നു നിറയ്ക്കുമ്പോൾ പൊള്ളലേറ്റ ചേമഞ്ചേരി സ്വദേശി മരിച്ചു


പൂക്കാട്: തുവ്വക്കോട്ടെ ക്ഷേത്രത്തിൽ കതിനയില്‍ വെടിമരുന്നു നിറക്കുന്നതിനിടെ പൊള്ളലേറ്റ് തൊഴിലാളി മരണപ്പെട്ടു. തുവ്വക്കോട് മാവുള്ളകണ്ടി രാമുണ്ണിക്കുട്ടിയാണ് മരിച്ചത്. 63 വയസ്സായിരുന്നു. തുവ്വക്കോട് കുന്നിമഠം പരദേവതാ ക്ഷേത്രത്തിൽ ഇന്നലെ വൈകീട്ട് ആണ് അപകടം ഉണ്ടായത്. പൊട്ടിത്തെറിയിൽ രാമുണ്ണിക്കുട്ടിക്ക് ഗുരുതര പരിക്കേറ്റു.

സംഭവം നടന്നയുടനെ നാട്ടുകാർ ഓടിക്കൂടി രാമുണ്ണിക്കുട്ടിയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെട്ടു.

ദേവിയാണ് ഭാര്യ. ശ്രീജിത്ത്, പ്രിൻജിത്ത് എന്നിവർ മക്കൾ. പാറുക്കുട്ടി, രാധ, ശിവദാസൻ, ഉണ്ണികൃഷ്ണൻ, എന്നിവർ സഹോദരങ്ങളാണ്.