ക്ഷീരഗ്രാമം പദ്ധതികൾക്കുള്ള അപേക്ഷ സ്വീകരിക്കുന്നു, വായിക്കാം കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (22/12/2021)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍ കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങളാണ്. തിയറി പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുന്നത്.

അപേക്ഷാ ഫോറവും പ്രോസ്‌പെക്ട്സും തിരുവനന്തപുരത്തെ എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍ നം: 0471 2325101, 2325102. https://srccc.in/download om end mazo അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. 15 വയസിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 2022 ജനുവരി 15. വിവരങ്ങള്‍ക്ക് ആയോധനാ ഫൗണ്ടേഷന്‍, വഴുതക്കാട്, തിരുവനന്തപുരം സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക.

ഉപഭോക്തൃ വാരാചരണം- ജില്ലാതല സമാപനം 24ന്

ഭക്ഷ്യ പൊതുവിതരണ വകുപ്പ് സംഘടിപ്പിക്കുന്ന ഉപഭോക്തൃ വാരാചരണത്തിന്റെ ജില്ലാതല സമാപനം ഡിസംബര്‍ 24 ന് വൈകീട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ജില്ലാതല ചിത്രരചന, ഫോട്ടോഗ്രാഫി മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം ജില്ലാ കലക്ടര്‍ ഡോ. തേജ് ലോഹിത് റെഡ്ഢി നിര്‍വഹിക്കും.

ക്ഷീരഗ്രാമം പദ്ധതി- അപേക്ഷ സ്വീകരിക്കുന്നു

ക്ഷീര വികസന വകുപ്പിന്റെ ക്ഷീരഗ്രാമം 2021-22 പദ്ധതിയില്‍ കടലുണ്ടി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന കര്‍ഷകര്‍ക്ക് ഡയറി യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും കാലിതൊഴുത്ത് നിര്‍മ്മിക്കുന്നതിനും നവീകരിക്കുന്നതിനും ധനസഹായം ലഭിക്കുന്നതിനായി അപേക്ഷ ഓണ്‍ലൈനായി ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഡിസംബര്‍ 24 വരെ നല്‍കാം. 2 പശു യൂണിറ്റ്, 5 പശു യൂണിറ്റ്, 3+2 ഡയറി യൂണിറ്റ്, 1+1 ഡയറി യൂണിറ്റ്, ധാതു ലവണ മിശ്രിതം, എന്നീ ഇനങ്ങളില്‍ ധനസഹായം ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് ബ്ലോക്ക് ക്ഷീര വികസന ഓഫീസ്, കടലുണ്ടി ക്ഷീര വ്യവസായ സഹകരണ സംഘം ഓഫീസ്, കടലുണ്ടി അക്ഷയ കേന്ദ്രം എന്നിവയുമായി ബന്ധപ്പെടാം.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


അഗ്രിക്ലിനിക് സംഘടിപ്പിച്ചു

കേരള കാര്‍ഷിക സര്‍വകലാശാല വെള്ളായണി കാര്‍ഷിക കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഗ്രാമീണ പ്രവൃത്തി പരിചയ പാഠ്യപദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി ഗ്രാമ പഞ്ചായത്തില്‍ അഗ്രിക്ലിനിക് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് പരിപാടി ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ എം അധ്യക്ഷത വഹിച്ചു. ആരതി ബാലകൃഷ്ണന്‍ പദ്ധതി വിശദികരണം നല്‍കി. ബാലുശ്ശേരി കൃഷി ഓഫീസര്‍ വിദ്യ പി സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ഹരീഷ് നന്ദനം, ഡോ. യാമിനി വര്‍മ്മ, ഷിജിനി ഇ. എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിവിധ രോഗ കീട നാശിനികള്‍ സ്വയം നിര്‍മ്മിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും കര്‍ഷകര്‍ക്ക് സംഘടിപ്പിച്ചു. വിവിധ തരം വിത്തുകളുടെയും ജൈവ കീടനാശിനികളുടെയും ജൈവ വളങ്ങളുടെയും വില്‍പന നടത്തുകയും ചെയ്തു. കോളേജ് വിദ്യാര്‍ഥികള്‍, കര്‍ഷകര്‍, ജനപ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.

ലേലം 27 ന്

പൊതുമരാമത്ത് വകുപ്പിന് കീഴിലെ മാമ്പറ്റ – മുത്താലം – അമ്പലക്കണ്ടി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റേണ്ട 13 മരങ്ങള്‍ ഡിസംബര്‍ 27ന് രാവിലെ 11 മണിക്ക് മാമ്പറ്റ അങ്ങാടിയില്‍ ലേലം ചെയ്യും. 0495 2724727.

പൊതുമരാമത്ത് വകുപ്പിന് കീഴിലെ മാമ്പറ്റ – മുത്താലം – അമ്പലക്കണ്ടി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റേണ്ട 20 മരങ്ങള്‍ ഡിസംബര്‍ 27 ന് രാവിലെ 11 മണിക്ക് മാമ്പറ്റ അങ്ങാടിയില്‍ ലേലം ചെയ്യും. 0495 2724727.

ലേലം 30 ന്

കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജ്യക്കേഷന്‍, കോളേജ് കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന മരങ്ങളും, കോളേജ് കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞ് കിടക്കുന്ന മരത്തിന്റെ ശിഖരങ്ങളും മുറിച്ച് മാറ്റി നീക്കം ചെയ്ത് കൊണ്ടുപോകുന്നതിന് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ ഓഫീസ് പരിസരത്ത് ഡിസംബര്‍ 30 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.

പരിശോധന നടത്തി

ക്രിസ്തുമസിനോടനുബന്ധിച്ച് ഭക്ഷ്യവസ്തുക്കളുടേയും മറ്റ് നിത്യോപയോഗ സാധനങ്ങളുടേയും വിലക്കയറ്റം, പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത, മറിച്ചുവില്‍പന, എന്നിവ തടയുന്നതിനായി പൊതുവിതരണവകുപ്പും, ഭക്ഷ്യസുരക്ഷാ വകുപ്പും, ലീഗല്‍ മെട്രോളജി വകുപ്പും സംയുക്തമായി പരിശോധന നടത്തി.

എലത്തൂര്‍, പുതിയങ്ങാടി, വെസ്റ്റ്ഹില്‍ പ്രദേശങ്ങളിലെ 43 സ്ഥാപനങ്ങള്‍ പരിശോധിക്കുകയും ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
കൊയിലാണ്ടി മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നടന്ന പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പച്ചക്കറി കടകളില്‍ തക്കാളിയുടെ വില ഏകീകൃതമായി 50 രൂപയായി കുറച്ച് വില്‍പ്പന നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയതായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

സ്‌ക്വാഡില്‍ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിലെ അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ എസ് മുരഹരകുറുപ്പ്, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ടി.പി രമേശന്‍, സുരേഷ് കെ, ശ്രീധരന്‍.കെ,സജിത്ത്കുമാര്‍, ഇ.ഗിരീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ശില്‍പശാല ഇന്ന്

2022 ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന പതിനാലാം പഞ്ചവത്സര പദ്ധതിയും (2022-27), പതിനാലാം പദ്ധതിയുടെ ആദ്യ വാര്‍ഷിക പദ്ധതിയും (2022-23) തയ്യാറാക്കുന്നതിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളായ അവസ്ഥാ രേഖ തയ്യാറാക്കുന്നതിനും വികസന രേഖ പരിഷ്‌കരിക്കുന്നതുമായി ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. കില, ജില്ലാ ആസൂത്രണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ശില്‍പശാല രാവിലെ 10 മണിക്ക് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ജിജു പി അലക്സ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിക്കും.