ക്ലാസുകള്‍ ഓണ്‍ലൈനായപ്പോള്‍ അധ്യാപകരുടെ കീശകാലിയായി; ദുരിതം പേറി പാരലല്‍ കോളേജ് അധ്യാപകര്‍
പേരാമ്പ്ര: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് തുടർച്ചയായ രണ്ടാംവർഷവും പാരലൽ കോളജ് അധ്യാപകരുടെ ജീവിതം ദുരിതത്തിലായി. കഴിഞ്ഞ വർഷം മാർച്ചിൽ ലോക്ഡൗൺ തുടങ്ങിയതോടെ അടച്ച സമാന്തര സ്ഥാപനങ്ങൾ മൂന്നു മാസം പ്രവർത്തിക്കുമ്പോഴേക്കും വീണ്ടും ലോക് ഡൗൺ വന്നതോടെ അടക്കേണ്ടിവന്നു. ഇതോടെയാണ് അധ്യാപകര്‍ സാമ്പത്തിക പ്രതിസന്ധിയിലായത്.
പേരാമ്പ്രയിലുള്പ്പെടെ ജില്ലയിൽ നൂറുകണക്കിന് അധ്യാപകരാണ് ഈ മേഖലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നത്. മാസങ്ങളായി ഇവർക്ക് ഒരുവരുമാനവും ഇല്ലാത്ത അവസ്ഥയാണ്. ഹയർ സെക്കൻഡറി, വിവിധ ബിരുദം, പി.ജി കോഴ്സുകൾ എന്നിവ വിവിധ പാരലൽ കോളജുകളിൽ നടത്തുന്നുണ്ട്. കൂടാതെ നിരവധി ട്യൂഷൻ സെൻററുകളും പ്രവർത്തിക്കുന്നുണ്ട്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇവയൊന്നും തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല.
പാരലൽ കോളജുകളും ഓൺലൈൻ ക്ലാസിലേക്ക് മാറിയിട്ടുണ്ടെങ്കിലും ഓഫ് ലൈൻ ക്ലാസിനെ അപേക്ഷിച്ച് നാമമാത്രമായ വരുമാനം മാത്രമാണ് അധ്യാപകര്‍ക്ക് ഇപ്പോൾ ലഭിക്കുന്നത്. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് സമാന്തര സ്ഥാപനങ്ങളിൽ പഠിക്കുന്നവരില്‍ മിക്കതും. അതുകൊണ്ടുതന്നെ ഓൺലൈൻ ക്ലാസിന്റെ ട്യൂഷൻ ഫീസൊന്നും ഭൂരിഭാഗവും ലഭിക്കുന്നില്ല.
സ്ഥാപനത്തിന്റെ വാടക, വൈദ്യുതി ഉൾപ്പെടെ വലിയ തുക മാനേജർമാർക്ക് ഓരോ മാസവും നൽകേണ്ടിവരുന്നു. പല സ്ഥാപനങ്ങളിലും ചിതലരിച്ച് ഫർണിച്ചർ ഉൾപ്പെടെ നശിച്ചുപോയി. ഈ ഒരുവർഷത്തിനിടക്ക് പൂട്ടിപ്പോയ സ്ഥാപനങ്ങളും ഉണ്ട്.
ഓൺലൈൻ ക്ലാസെടുക്കുന്ന സ്ഥാപനങ്ങളിലെ അധ്യാപകരുടെ വരുമാനം നാലിലൊന്നായി കുറഞ്ഞു. ഭൂരിഭാഗം പാരലൽ കോളജ് അധ്യാപകർക്കും മണിക്കൂറിനാണ് പൈസ ലഭിക്കുന്നത്. കോളജുകളിൽ ഒരു ക്ലാസിൽ പരമാവധി 50 കുട്ടികളുണ്ടാവും.
ഇത്തരം അഞ്ചും ആറും ബാച്ചുകളുള്ള കോളജുകളും ട്യൂഷൻ സെൻററുകളും ഉണ്ട്. ഒരു അധ്യാപകന് ദിവസം അഞ്ചു മുതൽ ഏഴുവരെ പിരീഡുകൾ ലഭിക്കാം. എന്നാൽ, ഓൺലൈൻ ക്ലാസിൽ പരിധിയില്ലാതെ കുട്ടികൾക്ക് പങ്കെടുക്കാൻ കഴിയുന്നതുകൊണ്ട് ദിവസം വ്യത്യസ്ത ക്ലാസുകളിൽ ആറ് പിരീഡ് എടുക്കുന്ന അധ്യാപകന് ഓൺലൈൻ ക്ലാസിൽ ഒരു മണിക്കൂർ കൊണ്ട് എല്ലാ ബാച്ചിനും ഒരേസമയം ക്ലാസെടുക്കാം.
ഓഫ്ലൈൻ ക്ലാസിനെ അപേക്ഷിച്ച് നോക്കുമ്പോൾ വലിയ വരുമാനനഷ്ടവും അധ്യാപകർക്ക് ഉണ്ടാവുന്നുണ്ട്. ഓഫ്ലൈൻ ക്ലാസുകൾ ഉടൻ ആരംഭിക്കാൻ സാധിക്കുന്നില്ലെങ്കിൽ വലിയ സാമ്പത്തിക പ്രതിസന്ധിയായിരിക്കും ഈ മേഖലയിൽ ജോലി ചെയ്യുന്നവർ അനുഭവിക്കുക.
പേരാമ്പ്രയില്‍ നിരവധി പാരലല്‍ കേളേജുകളും ട്യൂഷന് സെന്ററുകളും പി എസ് സി കോച്ചിംഗ് സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതിനാല്‍ ഇതിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മിക്ക അധ്യാപകരും ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. എല്ലാവര്ക്കും വാക്സിന് ലഭ്യമായാല്‍ കാര്യങ്ങള്‍ പഴയസ്ഥിതിയിലാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.