ക്ലബ്ബ് ഹൗസ് ആപ്പിലൂടെ വിദ്വേഷ പ്രചരണം; കോഴിക്കോട് സ്വദേശിനിയായ യുവതിയെ ഡൽഹി പൊലീസ് ചോദ്യം ചെയ്യും


കോഴിക്കോട്: ക്ലബ്ബ് ഹൗസ് ആപ്പിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ച കേസില്‍ അന്വേഷണം കേരളത്തിലേക്കും. ഒരു വിഭാഗം സ്ത്രീകള്‍ക്കെതിരെ മതവിദ്വേഷപ്രചരണം നടത്തിയതായി തിരിച്ചറിഞ്ഞ ആറുപേരില്‍ ഒരാള്‍ മലയാളി പെണ്‍കുട്ടിയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയാണ് ഇവര്‍.

മണിപ്പാലില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്ന യുവതിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി പൊലീസിലെ സൈബര്‍സെല്‍ നിര്‍ദ്ദേശിച്ചു. യുവതിക്ക് സംഭവത്തില്‍ നേരിട്ടുപങ്കില്ലെങ്കിലും സാമൂഹികമാധ്യമത്തില്‍ കമന്റിട്ടതിനാണ് മൊഴിയെടുക്കാന്‍ തീരുമാനിച്ചത്. യുവതിയുടെ ഫോണും ലാപ്‌ടോപ്പും നേരത്തെ ഡല്‍ഹി പോലീസ് പരിശോധിച്ചിരുന്നു.

കേസില്‍ ലഖ്‌നൗ സ്വദേശിയെ നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സ്ത്രീകള്‍ക്കെതിരേ വിദ്വേഷപരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. ഇതില്‍ കേസെടുക്കണമെന്നും കുറ്റവാളികളെ അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ കഴിഞ്ഞയാഴ്ച പോലീസിനു നോട്ടീസയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പോലീസിന്റെ നടപടി.