ക്രിമിനൽ ലിസ്റ്റിലുള്ളവരുടെ ശ്രദ്ധയ്ക്ക്! പോലീസ് പണി തുടങ്ങിക്കഴിഞ്ഞു


തിരുവനന്തപുരം: കൊലപാതകങ്ങൾ തീരാ കഥയാവുമ്പോൾ ജാഗരൂകരായി പോലീസ്. കേരളത്തെ നടുക്കിയ ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആണ് പുതിയ പദ്ധതികൾ. ആർഎസ്എസ്- എസ്ഡിപിഐ സംഘടനകളിലുള്ള ക്രിമിനൽ ലിസ്റ്റിൽ പെട്ട ആളുകളുടെ പട്ടിക തയാറാക്കാൻ ഡിജിപി അനിൽകാന്ത് നിർദ്ദേശിച്ചു.

ജില്ലാ അടിസ്ഥാനത്തിലായിരിക്കും പട്ടിക തയ്യാറാക്കുക. ഇതിനായി ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെ പേര് വിവരങ്ങളും മുൻപ് ഏതെങ്കിലും കേസുകളിൽ പെട്ടവരുടെയും വിവരങ്ങളും അവരുൾപ്പെട്ട കേസിന്റെ വിവരങ്ങളുമായിരിക്കും ശേഖരിക്കുന്നത്.

ഒളിവിൽ പോയവരെയും ജാമ്യത്തിൽ പോയവരും രക്ഷപെട്ടുവെന്ന് കരുതേണ്ട. പോലീസ് നിങ്ങളുടെ പിന്നാലെ തന്നെ ഉണ്ട്. വാറന്റ് നിലവിലുള്ള പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യാനാണ് ഉത്തരവ്. ജാമ്യത്തിൽ കഴിയുന്നവർ ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. മറ്റു കേസുകളിലും തുടർച്ചയായ പരിശോധനയും നടപടികളും ഉണ്ടാകും.

പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഈ അടുത്ത കാലങ്ങളിലായി കേരളത്തിൽ ഉണ്ടായ കൊലപാതകങ്ങളിൽ ഏതെങ്കിലും വിധത്തിലുള്ള പങ്ക് വഹിച്ചിട്ടുള്ളവർക്കും രക്ഷയില്ല. നേരിട്ടു പങ്കെടുത്തവരുടെയും അവ ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നൽകി സഹായിച്ചവരുടെയും വിവരങ്ങൾ ശേഖരിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. ക്രിമിനൽ സംഘങ്ങൾക്ക് പണം ലഭിക്കുന്ന സ്രോതസ്സ് കണ്ടെത്താൻ ആവശ്യമായ അന്വേഷണം നടത്തും.പണം നൽകിയവരെയും പ്രതികളെ ഒളിപ്പിച്ചവരെയും കണ്ടെത്തി കേസെടുക്കും.

നിർദ്ദേശങ്ങൾ നടപ്പിലാക്കിയതു സംബന്ധിച്ച് ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയും മേഖലാ ഐ.ജി മാരും എല്ലാ ആഴ്ചയും റിപ്പോർട്ട് നൽകേണമെന്നാണ് ഡി.ജി.പി നിർദ്ദേശം.