ക്രിക്കറ്റിന്റെ കൈകളെക്കാള്‍ കര്‍ഷകന്റെ കൈകളിലാണ് ദൈവസാന്നിധ്യം; കര്‍ഷകര്‍ക്ക് പിന്തുണയുമായി ഷാഫി കൊല്ലം


സൂര്യഗായത്രി

കൊയിലാണ്ടി: ക്രിക്കറ്റിന്റെ കൈകളെക്കാള്‍ കര്‍ഷകന്റെ കൈകളിലാണ് ദൈവസാന്നിധ്യ മുള്ളതെന്ന് പ്രശസ്ത മാപ്പിളപ്പാട്ടു ഗായകന്‍ ഷാഫി കൊല്ലം. കര്‍ഷക പ്രക്ഷോഭ വിഷയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഷാഫി കൊല്ലം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഭരണകൂടത്തെ അനുകൂലിക്കുന്ന ഒരേ മാതൃകയിലുള്ള പ്രതികരണങ്ങളുമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ, അജിങ്ക്യ രഹാനെ, സുരേഷ് റെയ്ന, ശിഖര്‍ ധവാന്‍, രവിശാസ്ത്രി, ആര്‍പി സിങ് തുടങ്ങിയവര്‍ രംഗത്തെത്തിയത്. കര്‍ഷക സമരത്തിന് അന്താരാഷ്ട്ര പിന്തുണ ലഭിക്കുന്നതിനെ പ്രതിരോധിക്കുന്നതിനായുളള കേന്ദ്ര സര്‍ക്കാരിന്റെ ഹാഷ്ടാഗ് കാമ്പയിനിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ കോലി കഴിഞ്ഞ ദിവസം പങ്കാളിയായിരുന്നു.

ഷാഫി കൊല്ലത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ക്രിക്കറ്റിന്റെ കൈകളെക്കാൾ കർഷകന്റെ കൈകളിലാണ് ദൈവസാന്നിധ്യം

?ജയ് കിസാൻ

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും ഇന്റര്‍നെറ്റ് വിലക്കടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പ്രതികരിച്ചും പോപ് താരം റിഹാനയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് വിഷയം അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ്, ബ്രിട്ടീഷ് എം.പി ക്ലൗഡിയ വെബ്ബെ, അമേരിക്കയിലെ പാര്‍ലമെന്റ് അംഗം ജിം കോസ്റ്റ, സാമൂഹ്യപ്രവര്‍ത്തകയുമായ മീന ഹാരിസ് എന്നിങ്ങനെ നിരവധി പ്രമുഖര്‍ കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു.

കര്‍ഷക പ്രക്ഷോഭത്തിന് ആഗോളതലത്തില്‍ ഇത്തരം പിന്തുണ ലഭിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ഇതിനെതിരെ ഇന്ത്യയിലെ കായിക താരങ്ങളും ചലച്ചിത്ര താരങ്ങളും രംഗത്തെത്തിയത്. ‘ഇന്ത്യ ടുഗതര്‍’, ‘ഇന്ത്യ എഗൈന്‍സ്റ്റ് പ്രൊപഗണ്ട’ തുടങ്ങിയ ഹാഷ് ടാഗുകള്‍ ഉപയോഗിച്ചുകൊണ്ടാണ് ക്യാമ്പയിന്‍ സജീവമാകുന്നത്. കായിക മേഖലയില്‍ നിന്ന് വിരാട് കോഹ്‌ലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ, അജിങ്ക്യ രഹാനെ, പി ടി ഉഷ തുടങ്ങിയവരും ബോളിവുഡില്‍നിന്നു അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, കരണ്‍ ജോഹര്‍, സുനില്‍ ഷെട്ടി തുടങ്ങിയവരും ഇതേ ഹാഷ് ടാഗ് ഉപയയോഗിച്ച് ട്വീറ്റ് ചെയ്തിരുന്നു.

സച്ചിന്റെ ട്വീറ്റ് ഇങ്ങനെയാണ്

‘ഇന്ത്യയുടെ പരമാധികാരത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാവില്ല. പുറത്തുനിന്നുള്ളവര്‍ കാഴ്ച്ചക്കാര്‍ മാത്രമാണ്. എന്നാല്‍ അതിന്റെ ഭാഗമല്ല. ഇന്ത്യ എന്താണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളെടുക്കുന്നതാണ് തീരുമാനം. ഒരു രാജ്യമെന്ന നിലയില്‍ ഒന്നിച്ചുനില്‍ക്കണം.’

സച്ചിന്‍ കുറിച്ചിട്ടു. കൂടെ ഇന്ത്യ ടുഗെതര്‍, ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപഗന്‍ഡ എന്നീ ഹാഷ് ടാഗുകളും സച്ചിന്‍ നല്‍കിയിട്ടുണ്ട്.

ക്രിക്കറ്റ് താരം മനോജ് തിവാരിയും താരങ്ങളുടെ നിലപാടിനെ എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന പാവകളെയാണ് ഇപ്പോള്‍ കാണുന്നതെന്നായിരുന്നു തിവാരിയുടെ വിമര്‍ശനം.

രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ വിദേശ ഇടപെടല്‍ വേണ്ടെന്ന് കായിക താരം പിടി ഉഷയും പ്രതികരിച്ചു.

‘ഞങ്ങളുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ജനാധിപത്യ മാതൃകയിലും ഞങ്ങള്‍ അഭിമാനിക്കുന്നു. ഞങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടരുത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് എങ്ങനെയെന്ന് ഞങ്ങള്‍ക്ക് അറിയാം. നാനാത്വത്തില്‍ ഏകത്വം മുറുകെ പിടിക്കുന്ന രാഷ്ട്രം ഞങ്ങളാണ്.

ഇന്ത്യ ടുഗെതര്‍, ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപഗന്‍ഡ എന്നീ ഹാഷ്ടാഗുകളോടെയാണ് ഉഷ ട്വീറ്റ് ചെയ്തിരിക്കുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക