ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന ചാലിക്കരയിലെ ചുണ്ടിക്കാട്ടില്‍ മുഹമ്മദ് അമീന്‍ അന്തരിച്ചു


പേരാമ്പ്ര: ചാലിക്കര കായല്‍മുക്ക് ചുണ്ടിക്കാട്ടില്‍ മുനീറിന്റെ മകന്‍ മുഹമ്മദ് അമീന്‍ അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒമ്പത് വയസ്സായിരുന്നു.

കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു അമീന്‍. മജ്ജ മാറ്റി വെച്ചാല്‍ മാത്രമാണ് കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഭീമമായ തുക ചെലവു വരുന്ന ശസ്ത്രക്രിയയ്ക്ക് നാട്ടുകാരുടെ സഹായവും ലഭിച്ചിരുന്നു.

ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഇന്ന് ഡിസ്ചാര്‍ജായി വീട്ടിലേക്ക് വരാനിരിക്കെയാണ് അമീനെ മരണം കവര്‍ന്നെടുത്തത്. ഇന്നലെ പുലര്‍ച്ചെ ബാത്ത്‌റുമില്‍ പോയപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍തന്നെ വിദഗ്ദ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം നാട്ടിലെത്തിച്ച ശേഷം പൊതുദര്‍ശനത്തിന് വെച്ച ശേഷം ഖബറടക്കും.

ആരിഫയാണ് അമീന്റെ ഉമ്മ. അനുഷ ഏക സഹോദരിയാണ്.