കോവിഡ് വ്യാപനം രൂക്ഷം; യുദ്ധകാല പ്രതിരോധ നടപടികളുമായി പയ്യോളി നഗരസഭ


പയ്യോളി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നുനിൽക്കുന്ന പയ്യോളിയിൽ കോവിഡിനെ പ്രതിരോധിക്കാൻ യുദ്ധകാല പ്രവർത്തനങ്ങളുമായി നഗരസഭ. കോവിഡ് രൂക്ഷമായ തദ്ദേശഭരണ പ്രദേശങ്ങളുടെ കൂട്ടത്തി പയ്യോളി നഗരസഭയെ കഴിഞ്ഞ ദിവസം കളക്ടർ ഉൾപ്പെടുത്തിയിരുന്നു. അടിയന്തരസാഹചര്യം മുൻനിർത്തി റാണി പബ്ലിക് സ്കൂളിൽ 75 കിടക്കകളുള്ള കോവിഡ് കെയർ സെൻറർ ആരംഭിച്ചു. വിപുലമായ സൗകര്യങ്ങളുള്ള കോവിഡ് സെൻറർ ജില്ലയിൽ ആദ്യംതുടങ്ങിയത് ഇവിടെയാണെന്നും കളക്ടർ അഭിനന്ദിച്ചതായും നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് പറഞ്ഞു.

കോവിഡ്‌ രോഗികളെയും അവശത അനുഭവിക്കുന്ന മറ്റുരോഗികളെയും ആശുപത്രികളിൽ എത്തിക്കുന്നതിനായി രണ്ട് ആംബുലൻസുകളും രണ്ട് സ്വകാര്യവാഹനങ്ങളും ഏർപ്പെടുത്തി. സൗജന്യഭക്ഷണ വിതരണം ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് കൺട്രോൾറൂം തുടങ്ങി. ഇതോടൊപ്പം ആവശ്യമുള്ളവർക്ക് കൗൺസലിങ്‌ സേവനങ്ങളും നൽകുന്നു.

ഓക്സിമീറ്റർ ചലഞ്ചിലൂടെ നൂറിലധികം ഓക്സിമീറ്ററുകൾ പൊതുജന പങ്കാളിത്തത്തോടെ ലഭിച്ചു. അവ ആവശ്യമായ രോഗികളിലേക്ക് എത്തിക്കുന്നു. നഗരസഭാ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി പി.പി. കിറ്റുകൾ, മാസ്കുകൾ, കൈയുറകൾ, ഔഷധങ്ങൾ, മറ്റ് സാധനങ്ങൾ ഇവയും വിവിധ മേഖലകളിൽനിന്നും എത്തുന്നു. ഇവയെല്ലാം അപ്പപ്പോൾ ആവശ്യക്കാർക്ക് എത്തിക്കുന്നു.

കോവിഡ് രോഗികളെ പരമാവധി നേരിൽക്കണ്ട് ആശ്വസിപ്പിക്കാനും ആശങ്കയകറ്റാനുമായി ഹെൽത്ത് ഇൻസ്പെക്ടർ ടി.പി.പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ഫീൽഡിൽ ജാഗ്രതയിലാണ്. ലോക്ഡൗണിലെ പോലീസ് സേവനംകൂടി കർശനമായതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുന്നുണ്ട്.