കോവിഡ് വ്യാപനം: പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ കൂടുതൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തി


പേരാമ്പ്ര: കോവിഡ് രൂക്ഷമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ കൂടുതൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു, മെഡിക്കൽ ഓഫീസർ ഡോ. ഷാമിൻ പി.ആർ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

തിങ്കളാഴ്ച മുതൽ താലൂക്ക് ആശുപത്രിയിൽ കോവിസ് ഒബ്സർവേഷൻ വാർഡ് പ്രവർത്തനം ആരംഭിക്കും. അഡ്മിറ്റാവുന്ന രോഗികളെ 24 മണിക്കൂർ ഒബ്സർവേഷനിൽ വെക്കും.വിദഗ്ധ ചികിൽസ ആവശ്യമുള്ളവരെ റഫർ ചെയ്യും. നഴ്സ് ജെ.എച്ച്.ഐ ലാബ് ടെക്നീഷ്യൽ തസ്തികകളിൽ താൽക്കാലിക ജീവനക്കാരെ ഇതിനു വേണ്ടി ബ്ലോക്ക് പഞ്ചായത്ത് നിയമിക്കും.

താലൂക്ക് ആശുപത്രിയിൽ രണ്ട് ദിവസം ഉണ്ടായിരുന്ന കോവിഡ് ടെസ്റ്റ് തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിലായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ഒ.പിയിലും കാഷ്വാലിറ്റിയിലും എത്തുന്ന രോഗികൾക്ക് ആന്റിജൻ ടെസ്റ്റിന് 24 മണിക്കുറും സൗകര്യം ഉണ്ടാവും.