കോവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍
കോഴിക്കോട്: കോവിഡ് വ്യാപനം തടയാന്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കാന്‍ തയ്യാറാകണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍. കണ്ടയ്‌മെന്റ് സോണുകളില്‍ ഒരു കാരണവശാലും ആള്‍ക്കൂട്ടം അനുവദിക്കരുതെന്നും നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. നിയന്ത്രണങ്ങള്‍ കര്‍ശനമായി ഏര്‍പ്പെടുത്തിയാല്‍ മാത്രമേ അതാത് പ്രദേശങ്ങളില്‍ കോവിഡ് നിയന്ത്രണം സാധ്യമാകുകയുള്ളൂവെന്ന് കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
*വീട്ടില്‍ ഹോം ഐസൊലേഷന് സൗകര്യമില്ലാത്തവരെ താല്കാലിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റണം.
*ക്രിട്ടിക്കല്‍ കണ്ടയ്‌മെന്റ് സോണുകളില്‍ ബാരിക്കേഡ് സ്ഥാപിച്ച് അകത്തേക്ക് വരാനും പുറത്തേക്ക് പോകാനുമായി ഒരു വഴി മാത്രം അനുവദിക്കണം.
*ഭക്ഷ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഹോട്ടല്‍,ആശുപത്രി, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാന്‍ പാടുള്ളൂ.
*ഹോട്ടലുകളില്‍ പാര്‍സല്‍ മാത്രമേ അനുവദിക്കാവൂ.
*ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള ഇടങ്ങളില്‍ കണ്ടയ്‌മെന്റ് സോണില്‍ ഉള്ള നിയന്ത്രണങ്ങള്‍ തന്നെ ഉണ്ടായിരിക്കും.