കോവിഡ് വ്യാപനം; അരിക്കുളം പഞ്ചായത്തിൽ അതീവ ജാഗ്രത


കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. വിവാഹം, സല്‍ക്കാരം, ആരാധനാലയങ്ങള്‍, പൊതുയിടങ്ങള്‍ എന്നിവയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സെക്റ്ററല്‍ മജിസ്റ്റ്‌ട്രേറ്റുമാര്‍ക്ക് പഞ്ചായത്തില്‍ ചേര്‍ന്ന ഉന്നത തല യോഗം നിര്‍ദ്ദേശം നല്‍കി.

പുതിയ സെക്റ്ററല്‍ മജിസ്ട്രറ്റുമാരായി കൃഷി ഓഫീസര്‍ അമൃത ബാബു, എ.ഇ.ഒ മാരായ വി.അരവിന്ദാക്ഷന്‍, കെ.വത്സരാജന്‍, എന്‍.ഷാജി എന്നിവരെ ജില്ലാ കലക്ടര്‍ നിയമിച്ചു. കോവിഡ് വ്യാപന സാധ്യത ചര്‍ച്ച ചെയ്യാന്‍ ഏപ്രില്‍ 15 ന് സര്‍വകക്ഷി യോഗം ചേരും.

17 ന് വ്യാപാരികള്‍, ഹോട്ടല്‍ തൊഴിലാളികള്‍, ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്ക് എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നു. വാക്‌സിനെഷന്‍ മേഖല ക്യാമ്പുകള്‍ ഏപ്രില്‍ 19 ന് കാളിയത്ത് സ്‌കൂള്‍, 22 ന് കാരയാട് യു.പി.സ്‌കൂള്‍, 24 ന് ഊരള്ളൂര്‍ എ.യു.പി സ്‌കൂള്‍, 26 ന് അരിക്കുളം സ്‌കൂളില്‍ എന്നിവിടങ്ങളില്‍ നടത്താന്‍ തീരുമാനിച്ചു.

യോഗത്തില്‍ അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്‍ അധ്യക്ഷത വഹിച്ചു. ജില്ല ടി.ബി.ഓഫീസര്‍ ഡോ.പ്രമോദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.സ്വപ്‌ന, അയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.സിമിഷ്, സെക്രട്ടറി സുന്ദരരാജന്‍, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, സെക്ടറല്‍ മജിസട്രേറ്റുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.