കോവിഡ് വൈറസ് തലച്ചോറിനെയും പാൻക്രിയാസിനെയും ബാധിക്കും; മൃതദേഹ പഠനത്തിൽ സുപ്രധാന കണ്ടെത്തലുകൾ
ന്യൂഡൽഹി: രാജ്യത്താദ്യമായി കോവിഡ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്ത് നടത്തിയ പഠനത്തിൽ ആശങ്കയുണ്ടാക്കുന്ന കണ്ടെത്തലുകൾ. കോവിഡ് വൈറസ് പാൻക്രിയാസിനെയും തലച്ചോറിനെയുംവരെ സാരമായി ബാധിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. കോവിഡ് ബാധിച്ച് മരിച്ച 21 പേരുടെ മൃതദേഹങ്ങൾ പരിശോധിച്ചാണ് ഭോപാൽ എയിംസിലെ ഫൊറൻസിക് വിഭാഗം റിപ്പോർട്ട് തയ്യാറാക്കിയത്.
കുടൽ, കരൾ, ശ്വാസകോശം എന്നിവയെ മാത്രമല്ല, വൃക്ക, തൈറോയ്ഡ്, പാൻക്രിയാസ്, എല്ലുകൾ, തലച്ചോർ എന്നിവയിലും വൈറസിന്റെ ആക്രമണമുണ്ടാകുന്നുവെന്നാണ് മൃതദേഹങ്ങൾ പരിശോധിച്ചതിൽനിന്ന് വ്യക്തമായത്. പകുതിയോളം മൃതദേഹങ്ങളുടെ തലച്ചോറിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയത് ഞെട്ടലുണ്ടാക്കിയെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ നാലംഗസംഘത്തിലെ മലയാളി ഡോ. ജെ.എസ്. ശ്രാവൺ പറഞ്ഞു.
ബ്ലഡ് ബ്രെയിൻ ബാരിയറും കടന്ന് തലച്ചോറിൽ എത്താമെങ്കിൽ കോവിഡ് വൈറസിന് ശരീരത്തിൽ എവിടെവേണമെങ്കിലും പ്രവേശിക്കാനാകും. പാൻക്രിയാസിനെ കോവിഡ് ബാധിക്കുമെന്നതും ആശങ്കയുണ്ടാക്കുന്നു. കാരണം, കോവിഡ് ഭേദമായവരിൽ പിന്നീട് പ്രമേഹം പിടിപെടാനുള്ള സാധ്യതയിലേക്ക് വിരൽചൂണ്ടുന്ന കണ്ടെത്തലാണിതെന്ന് അദ്ദേഹം പറഞ്ഞു. ബന്ധുക്കളുടെ അനുമതി ലഭിച്ച, 25 മുതൽ 84 വയസ്സുവരെ പ്രായമായവരുടെ മൃതദേങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഡോ. ശ്രാവണിനു പുറമേ ഫൊറൻസിക് മെഡിസിൻ വിഭാഗത്തിലെ ഡോ. ജയന്തി യാദവ്, ഡോ. ബൃന്ദാ പട്ടേൽ, ഡോ. മഹാലക്ഷ്മി എന്നിവരാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.
പരിശോധനയ്ക്ക് നാലുമാസം
ന്യൂഡൽഹി: രാജ്യത്താദ്യമായി കോവിഡ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടംചെയ്ത് നടത്തിയ പഠനം പൂർത്തിയാവാൻ നാലുമാസമെടുത്തു. കോവിഡ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാൻ രാജ്യത്ത് അനുമതിയുണ്ടായിരുന്നില്ല. മൈക്രോബയോളജിസ്റ്റ് കൂടിയായ ഭോപാൽ എയിംസ് ഡയറക്ടർ ഡോ. സർമൻസിങ് ആണ് അവിടത്തെ ഫോറൻസിക് വിഭാഗവുമായി പോസ്റ്റ്മോർട്ടം എന്ന ആശയം പങ്കുവെച്ചത്. ഐ.സി.എം.ആർ. ഉൾപ്പെടെയുള്ളവരുടെ അനുമതി ലഭിക്കാനും പോസ്റ്റ്‌മോർട്ടത്തിന്റെ പ്രോട്ടോക്കോൾ തയ്യാറാക്കാനും മാസങ്ങളെടുത്തു.
പരിശോധിച്ച പകുതിയോളം മൃതദേഹങ്ങളിൽ തലച്ചോറിനെ വൈറസ് ബാധിച്ചതായി കണ്ടെത്തി; ഒട്ടുമിക്ക മൃതദേഹങ്ങളിലും പാൻക്രിയാസിനെയും ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമായി. അവയവങ്ങളിൽനിന്നുള്ള സ്രവം ആർ.ടി.പി.സി.ആർ. പരിശോധന നടത്തിയാണ് വൈറസ് സാന്നിധ്യം ഉറപ്പിച്ചത്. പരിശോധനകൾ കഴിഞ്ഞ ഒക്ടോബറിലാണ് പൂർത്തിയായത്. ആരോഗ്യവകുപ്പിനും അന്താരാഷ്ട്ര ജേർണലുകൾക്കും റിപ്പോർട്ട് കൈമാറി.