കോവിഡ് വാക്സിനേഷൻ രണ്ടാം ഡോസ് ഇനിയുമെടുത്തിട്ടില്ലേ? നിങ്ങൾക്കായി ജില്ലയിൽ പ്രത്യേക വാക്സിനേഷൻ യജ്ഞം
കോഴിക്കോട്: ഫസ്റ്റ് ഡോസ് കഴിഞ്ഞ് നാളുകൾ കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാത്തവർക്കായി ജില്ലയിൽ പ്രത്യേക വാക്സിനേഷൻ യജ്ഞം. കോവിഡ് പ്രതിരോധ വാക്സിൻ ഒന്നാം ഡോസെടുത്ത് 112 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാത്തവർക്കാണ് ഇന്നു മുതൽ പ്രത്യേക വാക്സിനേഷൻ യജ്ഞം ആരംഭിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതിനായി എല്ലാ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഷീൽഡ് ഒന്നാം ഡോസെടുത്തതിനു ശേഷം 112 ദിവസം കഴിഞ്ഞിട്ടും വിവിധ കാരണങ്ങളാൽ രണ്ടാം ഡോസെടുക്കാത്ത 2 ലക്ഷത്തിലധികം പേർ ജില്ലയിലുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരക്കാർ ഈ അവസരം പ്രയോജനപ്പെടുത്തി വാക്സിനേഷൻ നിർബന്ധമായും പൂർത്തീകരിക്കണമെന്ന് ഡി.എം.ഒ പറഞ്ഞു.
ഫെബ്രുവരി 15 ന് ശേഷം ഈ ക്രമീകരണം ഉണ്ടായിരിക്കുന്നതല്ല എന്നും അറിയിച്ചു. അടുത്തുളള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ടാൽ വാക്സിൻ എടുക്കുന്നതിനാവശ്യമായ സഹായങ്ങൾ ലഭിക്കുന്നതാണ്.