കോവിഡ് രോഗികൾക്ക് സഞ്ചരിക്കാൻ വാഹനം വേണ്ടേ? വീട് അണു നശീകരണം നടത്തണോ? മറ്റ് അടിയന്തര സഹായം വേണോ? കൊയിലാണ്ടിയിൽ ‘സുരക്ഷ’ തയ്യാർ; സന്നദ്ധ പ്രവർത്തനത്തിന് 20 വാഹനങ്ങൾ നിരത്തിലിറങ്ങി, കൊയിലാണ്ടി നഗരസഭയിലും നാല് സമീപ പഞ്ചായത്തുകളിലും സേവനം ലഭ്യമാകും
കൊയിലാണ്ടി: മഹാമാരിയുൾപ്പെടെ ദുരിതങ്ങൾ പേമാരിയായ് പെയ്തിറങ്ങുമ്പോൾ പ്രതിസന്ധികളിലകപ്പെട്ട നാടിന് കരുതലും സാന്ത്വനവും പകർന്ന് ആശ്വാസമേകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുകയാണ് കൊയിലാണ്ടി സുരക്ഷ പെയ്ൻ & പാലിയേറ്റിവ് പ്രവർത്തകർ. സുരക്ഷ യുടെ നേതൃത്വത്തിൽ ഇന്ന് ഇരുപത് വാഹനങ്ങളാണ് സന്നദ്ധ പ്രവർത്തനത്തിനായ് രംഗത്തിറങ്ങിയത്.
മുൻ എം.എൽ.എ മാരായ പി.വിശ്വൻ മാസ്റ്റർ, കെ.ദാസൻ, സി.പി.എം കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ.കെ.മുഹമ്മദ് എന്നിവർചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ, സുരക്ഷ കൊയിലാണ്ടി സോണൽ ചെയർമാൻ കെ.ഷിജു, കൺവീനർ എ.പി.സുധിഷ് എന്നിവർ പങ്കെടുത്തു.
കോവിഡ് ബാധിക്കപ്പെട്ടവർക്ക് രോഗ ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് യാത്രാസൗകര്യ മൊരുക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങൾ സജ്ജമാക്കിയിട്ടുള്ളത്.
കീഴരിയൂർ, അരിക്കുളം, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകൾ, കൊയിലാണ്ടി നഗരസഭ എന്നിവിടങ്ങളിലെ ആളുകൾക്ക് ഇതിന്റെ സഹായം ലഭിക്കും.
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ മറവു ചെയ്യാനും, വീടുകളും, കടകളും ഓഫിസുകളും അണുവിമുക്തമാക്കാനും, തെരുവോരങ്ങളിലുള്ളവർക്ക് ഭക്ഷണമെത്തിച്ചും രക്തദാനം നടത്തിയും കാലത്തിന്റെ ചരിത്ര ദൗത്യം ഏറ്റെടുത്ത് സന്നദ്ധ പ്രവർത്തന രംഗത്ത് സുരക്ഷയുടെ നേതൃത്വത്തിൽ ഒരു കൂട്ടം മനുഷ്യ സ്നേഹികളുണ്ട്, അതിജീവനത്തിന്റെ പാത തെളിയിച്ചു കൊണ്ട് നാടിനൊപ്പം നിൽക്കുന്നവർ. നിരവധി പേരാണ് ദിനംപ്രതി സേവനങ്ങൾക്കായി സുരക്ഷയുടെ കോവിഡ് ഹെൽപ്പ് ഡസ്കുമായി ബന്ധപ്പെടുന്നത്.