കോവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷം; ‘മരണത്തിരക്കിൽ’ വീർപ്പുമുട്ടി ശ്മശാനങ്ങൾ


ന്യൂഡൽഹി: കോവിഡ് രണ്ടാംഘട്ടം രാജ്യത്ത് രൂക്ഷമായി തുടരുന്നു. മരണങ്ങൾ പെരുകിയതോടെ രാജ്യത്തെ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നു. ഡൽഹി, ലഖ്നൗ, അഹമ്മദാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ‌ ദിവസം 15-20 മൃതദേഹങ്ങൾ സംസ്കരിച്ചിരുന്ന ശ്മശാനങ്ങളിൽ നൂറിലധികം മൃതദേഹങ്ങളാണ് എത്തുന്നത്. ഇതിനെ നേരിടാൻ മിക്ക ശ്മശാനങ്ങളും ഇടവേളകളിലാതെയാണ് പ്രവർത്തിക്കുന്നത്.

ഗ്യാസ്, വൈദ്യുതി ശ്മശാനങ്ങൾക്കു പുറമേ മിക്കയിടങ്ങളിലും വിറകുപയോഗിച്ചും ദഹിപ്പിച്ചുതുടങ്ങി. പെട്രോളും മണ്ണെണ്ണയുമൊക്കെ മൃതദേഹങ്ങൾ വേഗം കത്തിക്കാനായി ഉപയോഗിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇത് പരിസരവാസികൾക്ക് അസൗകര്യവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതായി പരാതിക്കിടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി നൂറിലേറെയാണ് ഡൽഹിയിലെ കോവിഡ് മരണങ്ങൾ. മരണങ്ങൾ പത്തിരട്ടികൂടി. തലസ്ഥാനത്തെ ഏറ്റവും വലിയ ശ്മശാനമായ നിഗം ബോധ് ഘാട്ടിൽ ദിവസവും സംസ്കരിക്കപ്പെടുന്നത് നൂറിലേറെ മൃതദേഹങ്ങൾ. ഇതിൽ മുപ്പതിലേറെ കോവിഡ് മൃതദേഹങ്ങളാണ്. ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ ദിവസവും മൂന്നോ നാലോ മൃതദേഹങ്ങളായിരുന്നു. ഏപ്രിൽ ആറുമുതൽ പത്തുവരെ ഇത് പത്തോ പന്ത്രണ്ടോ ആയി വർധിച്ചു. ഏപ്രിൽ 12-ന് 24 കോവിഡ് മൃതദേഹങ്ങൾ സംസ്കരിച്ചു. ഏപ്രിൽ 13-ന് 36 മൃതദേഹങ്ങളും 14-ന് 37 എണ്ണവും. ഓരോ ദിവസവും ഇതുതന്നെയാണ് സ്ഥിതി.- അവധേഷ് വിവരിച്ചു.

വടക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലാണ് നിഗംബോധ് ഘാട്ട് ശ്മശാനം. നഗരമധ്യത്തിലെ ഐ.ടി.ഒ.യിലുള്ള മുസ്‌ലിം കബറിസ്താനിലും മൃതദേഹങ്ങൾ കൂടിവരുന്നു. ഏപ്രിൽ 12-ന് 25 മൃതദേഹങ്ങൾ സംസ്കരിക്കാൻ എത്തിയതായാണ് റിപ്പോർട്ട്.

മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. മൃതദേഹങ്ങളുമായി എത്തുന്ന ആളുകളുടെ നീണ്ടവരിയാണ് ഗുജറാത്തിലെ ശ്മശാനങ്ങളിൽ. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് എന്നിവിടങ്ങളിലാണ് സ്ഥിതിരൂക്ഷം. മധ്യപ്രദേശിലെ ഭോപാലിൽമാത്രം 37 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തത്. 1984-ലെ ഭോപാൽ വാതകദുരന്തത്തിനുശേഷം ശ്മശാനങ്ങൾ നിറയുന്നത് ആദ്യമായാണെന്ന് പ്രദേശവാസികൾ പറയുന്നു.

ഉത്തർപ്രദേശിലെ ലഖ്‌നൗവിലും സ്ഥിതി രൂക്ഷമാണ്. 70-80 മൃതദേഹങ്ങളാണ് ഇവിടെ കോവിഡ് ശ്മശാനത്തിൽ എത്തുന്നത്. 7-8 മൃതദേഹങ്ങൾ വന്നിരുന്നതിൽനിന്നാണ് ഈ വർധന. ഈ സാഹചര്യത്തിൽ ലഖ്‌നൗവിൽ പുതുതായി അഞ്ച് വൈദ്യുതിശ്മശാനങ്ങൾ ഉടൻ തുറക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.