കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹിതരായ ദമ്പതികൾക്ക് കൊയിലാണ്ടി പോലീസ് മംഗളപത്രം കൈമാറി
കൊയിലാണ്ടി: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹം നടത്തിയ ദമ്പതികളെ കൊയിലാണ്ടി പോലീസ് വീട്ടിലെത്തി ഉപഹാരം നൽകി അനുമോദിച്ചു. ഇന്ന് വിവാഹിതരായ കീഴരിയൂർ സ്വദേശികളായ ധനൂപ് -സ്മൃതി ദമ്പതികളെയാണ് കോവിഡ് കാലത്ത് മാതൃകാ വിവാഹം നടത്തിയതിന് പോലീസ് അനുമോദിച്ചത്.
വരന്റെ വീട്ടിൽ നിന്ന് അഞ്ച് പേരെ മാത്രം ഉൾപ്പെടുത്തിയാണ് ഇവർ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ വധുഗൃഹമായ കോഴിക്കോട് ഫറൂഖിൽ എത്തിയത്. കൊയിലാണ്ടി പോലീസ് അഡീഷണൽ എസ്.ഐ സുനിൽകുമാർ വിവാഹ വീട്ടിൽ കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവിയുടെ വിവാഹ മംഗളപത്രം കൈമാറി. നവദമ്പതികൾക്ക് ആശംസകൾ കൈമാറിയാണ് പോലീസ് മടങ്ങിയത്.