കോവിഡ് ഭീതിയൊഴിയാതെ കേരളം; ഇന്ന് 37,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസര്‍ഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5308 ആയി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,43,529 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,19,703 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,826 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 5206 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 624 ഹോട്ട് സ്പോട്ടുകളാണുള്ളത്.