കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ കോവിഡ് മരണമായി കണക്കാക്കും; മാര്‍ഗരേഖ പുതുക്കി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മരണത്തിന്റെ മാര്‍ഗരേഖ പുതുക്കി കേന്ദ്രസര്‍ക്കാര്‍. കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാല്‍ കോവിഡ് മരണമായി കണക്കാക്കും.
കോവിഡ് ബാധിതനാണെന്ന് കണക്കാക്കാന്‍ ആന്റിജനോ ആര്‍.ടി.പി.സി.ആര്‍ പരിശോധനയോ നടത്തണം. അതേസമയം വിഷബാധയേല്‍ക്കല്‍, ആത്മഹത്യ, കൊലപാതകം, അപകടം എന്നിവ കോവിഡ് മരണമായി കണക്കില്ല. മരണസര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന മരണകാരണത്തില്‍ കുടുംബാംഗങ്ങള്‍ സംതൃപ്തരല്ലാത്ത സാഹചര്യത്തില്‍ ജില്ല തലത്തില്‍ കമ്മിറ്റി രൂപീകരിച്ച് പരിശോധിക്കണം. 30 ദിവസത്തിനകം ഇത്തരം അപേക്ഷകള്‍ പരിഗണിച്ച് തീര്‍പ്പാക്കണം.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് കോവിഡ് മരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകള്‍ നല്‍കുന്നതിന് ‘മാര്‍ഗനിര്‍ദേശങ്ങള്‍ ലഘൂകരിക്കാന്‍’ സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെഅടിസ്ഥാനത്തിലാണ് ഐ.സി.എം.ആറും കേന്ദ്രസര്‍ക്കാറും ചേര്‍ന്ന് തയാറാക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും
മുമ്പുണ്ടായിരുന്ന മാര്‍ഗരേഖ പ്രകാരം കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുശേഷം മരണം സംഭവിച്ചാല്‍ മാത്രമേ കോവിഡ് മരണമായി കണക്കാക്കിയിരുന്നുള്ളൂ. ഇതാണ് ഇപ്പോള്‍ 30 ദിവസമായി ദീര്‍ഘിപ്പിച്ചിരിക്കുന്നത്.