കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ അവിവാഹിതയായ പെണ്‍മക്കള്‍ക്ക് 25000രൂപ ധനസഹായം; തണല്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം


തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരണപ്പെട്ട പ്രവാസികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് ധനസഹായം നല്‍കുന്ന തണല്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. 25,000 രൂപയാണ് ഒറ്റത്തവണ ധനസഹായമായി അനുവദിക്കുന്നത്. ഓണ്‍ലൈനായാണ് ധനസഹായത്തിന് അപേക്ഷിക്കേണ്ടത്.

www.norkaroots.org എന്ന വെബ്‌സൈറ്റില്‍ പ്രവാസി തണല്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് new registration ഓപ്ഷന്‍ തെരഞ്ഞെടുത്ത് ലോഗിന്‍ ചെയ്താണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മരണപ്പെട്ട പ്രവാസിയുടെ പാസ്‌പോര്‍ട്ട്, മരണസര്‍ട്ടിഫിക്കറ്റ്, കോവിഡ് മൂലമാണ് മരണപ്പെട്ടത് എന്ന് സ്ഥിരീകരിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെ ആധാര്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ടതാണ്.

സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലൂടെ മാത്രമാണ് ധനസഹായവിതരണം നടത്തുക.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 140 പേര്‍ക്ക് സഹായം ലഭ്യമാക്കിയിരുന്നു. പ്രമുഖവ്യവസായിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ രവിപിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍.പി ഫൗണ്ടേഷന്‍ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്.