കോവിഡ് പരിശോധനാ ഫലത്തിൽ ക്രിത്രിമം നടത്തി കൊയിലാണ്ടിയിലെ ട്രാവൽ ഏജൻസി പണം തട്ടിയതായി ആരോപണം; പരാതിയുമായി കൊയിലാണ്ടി സ്വദേശി സെറീന രംഗത്ത്


കൊയിലാണ്ടി: ആർ.ടി.പി.സി.ആർ ഫലത്തിൽ കൃത്രിമം നടത്തി കൊയിലാണ്ടിയിലെ ട്രാവൽ ഏജൻസി പണം തട്ടിയതായി പരാതി. കൊയിലാണ്ടി സ്വദേശി സെറീന ഖാലിദ് ആണ് പരാതിയുമായി കൊയിലാണ്ടി പോലീസിനെ സമീപിച്ചത്. കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന ട്രാവൽ ഗൈഡ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനെതിരെയാണ് ആരോപണം.

സെറീന ഖാലിദ് ഈ ട്രാവൽ ഏജൻസിയിൽ നിന്ന് റാസൽ ഖൈമയിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. 38,000 രൂപയാണ് ടിക്കറ്റിനായി ഈടാക്കിയത്. ഏപ്രിൽ 24ന് രാത്രി 8 മണിക്കുള്ള ഫ്ളൈറ്റ് ടിക്കറ്റാണ് ബുക്ക് ചെയ്തിരുത്. കോവിഡ് ടെസ്റ്റ് നടത്താൻ ഏജൻസി തന്നെ ലാബ് ഏർപ്പാട് ചെയ്തു. 23 ന് കോഴിക്കോട്ടെ കെയർ ലാബിലെ ജീവനക്കാരൻ ശ്രവം ശേഖരിക്കാനായി വീട്ടിൽ എത്തുകയും സാമ്പിൾ ശേഖരിച്ച് മടങ്ങുകയും ചെയ്തു.

പി.പി.ഇ കിറ്റ് പോലും ധരിക്കാതെയാണ് ശ്രവം ശേഖരിച്ചതെന്ന് സെറീന പറയുന്നു. 1700 രൂപ ചാർജ് വാങ്ങിയെങ്കിലും ബില്ലും നൽകിയിട്ടില്ല. 24 ന് വൈകീട്ട് 3 മണിയായിട്ടും റിസൽട്ട് എത്താതായതോടെ വിളിച്ചപ്പോഴാണ് കോവിഡ് പോസിറ്റിവാണെന്ന് അറിയിച്ചത്. യുഎഇ വിമാനയാത്രക്ക് ഏറ്റവും തിരക്കേറിയ ദിവസം കോവിഡ് പോസിറ്റിവ് റിസൽട്ട് വന്നതോടെ യാത്ര മുടങ്ങി. റിസൽട്ട് രേഖാമൂലം നൽകാൻ ട്രാവൽ ഏജൻസി തയ്യാറായില്ല. സംശയം തോന്നി അന്ന് തന്നെ കൊയിലാണ്ടിയിലെ സ്വകാര്യ ലാബിൽ നിന്ന് ആൻറിജൻ ടെസ്റ്റ് നടത്തിയപ്പോൾ റിസൽട്ട് നെഗറ്റീവായിരുന്നു.

25 ന് വീണ്ടും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി അതും നെഗറ്റീവായി. കിട്ടിയ റിസൽട്ടുമായി ട്രാവൽ ഏജൻസിയിൽ പോയപ്പോൾ ലാബിനാണ് ഉത്തരവാദിത്തം ഞങ്ങൾക്കെല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് ചെയ്തതെന്ന് സെറീന പറയുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാനായി അടച്ച പണം തിരിച്ചുനൽകില്ല എന്നാണ് ട്രാവൽ ഏജൻസി പറയുന്നതെന്നും സെറീന പറഞ്ഞു.

ട്രാവൽ ഏജൻസി ഏർപ്പാടു ചെയ്ത ലാബിലാന്ന് ടെസ്റ്റ് നടത്തിയത്. ടെസ്റ്റ് റിസൽട്ടിൽ കൃത്രിമം നടത്തി ടിക്കറ്റ് മറിച്ചുനൽകുകയും പണം തട്ടുകയുമായിരുന്നു ട്രാവൽ ഏജൻസിയുടെ ലക്ഷ്യമെന്ന് സെറീന പറയുന്നു. കൊയിലാണ്ടി പോലീസിൽ പരാതി നൽകി നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണവർ.

എന്നാൽ ലാബിൽ വന്ന പിഴവിന് തങ്ങൾക്ക് ഉത്തരവാദിത്തമില്ല എന്നാണ് ട്രാവൽ ഏജൻസി പറയുന്നത്. ആ ടിക്കറ്റിൽ മറ്റാരും യാത്ര ചെയ്തിട്ടില്ല എന്നും അതിനാൽ ടിക്കറ്റ് ബുക്ക് ചെയ്ത പണം തിരികെ നൽകാൻ കഴിയില്ല എന്നും അവർ പറയുന്നു.