കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു; രണ്ടാഴ്ചത്തേക്ക് കടകൾ രാത്രി 9 മണി വരെ മാത്രം, യാത്രകൾക്ക് വിലക്കില്ല


കോഴിക്കോട്: സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍വന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തുന്നടക്കം ഉള്‍ക്കൊള്ളിച്ചുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. ഇനി വരുന്ന രണ്ടാഴ്ചത്തേക്ക് കച്ചവടസ്ഥാപനങ്ങളും മാളുകളും രാത്രി ഒമ്പത് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നിര്‍ദ്ദേശം.

ഹോട്ടലുകളിൽ പകുതി സീറ്റിൽ മാത്രമായിരിക്കും പ്രവേശനം. പൊതുപരിപാടികളുടെ ദൈർഘ്യം കുറയ്ക്കും. ചടങ്ങുകളിൽ ഹാളിൽ നൂറുപേർക്ക് മാത്രമാകും പ്രവേശനം. പൊതുപരിപാടികളിൽ ഭക്ഷണവിതരണം പാടില്ലെന്നും ഉത്തരവിൽ പറയുന്നു. പൊതുപരിപാടികളില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ.

സംസ്ഥാനത്തിന് അകത്തുള്ള യാത്രകൾക്കും സംസ്ഥാനാന്തര യാത്രകൾക്കും വിലക്കില്ല ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, ബസുകളിൽ നിന്നുള്ള യാത്ര അനുവദിക്കില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ജാഗ്രത പോർട്ടലിൽ രജിസ്ട്രേഷൻ നിർബന്ധമാക്കും. ഇഫ്താർ സംഗമത്തിൽ അടക്കം മതപരമായ ചടങ്ങുകളിൽ ഒത്തുചേരൽ ഒഴിവാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

ടെസ്റ്റ്‌ പോസിറ്റിവിറ്റി കൂടിയ ജില്ലകളിൽ കളക്ടർമാർക്ക് 144 പ്രഖ്യാപിക്കാമെന്നും ഉത്തരവുണ്ട്. യോഗങ്ങളും മറ്റും ഓണ്‍ലൈനില്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കണം. ആശുപത്രികളിലെ ഒപികളിലെ തിരക്ക് ഒഴിവാക്കന്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ ഉള്‍പ്പെടെയുള്ള സൗകര്യം ഉപയോഗപ്പെടുത്തണം, സിനിമാ തിയേറ്ററുകളും ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഹോംഡെലിവറി പ്രോത്സോഹിപ്പിക്കണം, മെഗാ ഷോപ്പിങ് ഫെസ്റ്റിവലും മറ്റു മേളകളും രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണം.

എ.സി സംവിധാനമുള്ള മാളുകള്‍ തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളിൽ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. പ്രവേശനം പരിമിതപ്പെടുത്തണം. ഇവിടങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിങ് സംവിധാനം ഏര്‍പ്പെടുത്തണം. സിവില്‍ സപ്ലൈസ്, ഹോര്‍ട്ടികോര്‍പ്, കെപ്‌കോ, മത്സ്യഫെഡ്, മില്‍മ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ വില്‍പനയും ഹോംഡെലിവറിയും പ്രോത്സാഹിപ്പിക്കണം.