കോവിഡ് കേസുകള്‍ കൂടുന്നു: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത്; വാണിജ്യ സ്ഥാപനങ്ങളുടെ സമയക്രമത്തില്‍ മാറ്റം, കളിക്കളങ്ങള്‍ അടച്ചിടും


ചക്കിട്ടപ്പാറ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പഞ്ചായത്തില്‍ 31 പേര്‍ക്ക് കൊവിഡ് പോസിറ്റീവായ സാഹചര്യത്തിലാണ് നടപടി. വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയവും പുനര്‍നിര്‍ണ്ണയിച്ചു. ഇന്ന് ചേര്‍ന്ന പഞ്ചായത്തിന്റെ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായതായി ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പറഞ്ഞു.

പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ വാണിജ്യ സ്ഥാപനങ്ങള്‍ക്കും നാളെ മൂതല്‍ രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണിവരെ മാത്രമേ പ്രവര്‍്ത്തിക്കാന്‍ അനുവാദമുള്ളൂ. വൈകൂന്നേരങ്ങളിലെ ആളുകളുടെ കൂടിച്ചേരലാണ് രോഗവ്യാപനത്തിന് കാരണമാകുന്നതെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.

ചക്കിട്ടപ്പാറ സ്റ്റേഡിയം ഉള്‍പ്പടെ പഞ്ചായത്തിലെ എല്ലാ കളിക്കളങ്ങളും താല്‍ക്കാലികമായി അടയ്ക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ച് കളിക്കളങ്ങളില്‍ പ്രവേശിക്കുന്നവരെ കണ്ടെത്തുന്നതിനായി നീരിക്ഷണം ശക്തിപ്പെടുത്തും. ഇതിന് പെരുവണ്ണാമൂഴി പോലീസിനോട് നിര്‍ദേശിക്കാന്‍ സെക്ടറല്‍ മജിസ്‌ട്രേറ്റിന് ചുമതല നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പെട്രോളിംഗ് നടത്താനും തീരുമാനമായി. പഞ്ചായത്തില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഒന്ന്, രണ്ട് വാര്‍ഡുകളിലാണ്. ഇവിടങ്ങളില്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കും.

രോഗവാഹകരെ കണ്ടെത്തുന്നതിനായി വരും ദിവസങ്ങളില്‍ കൂടുതല്‍ കൊവിഡ് ടെസ്റ്റുകള്‍ സംഘടിപ്പിക്കും. ജൂലൈ 10 മുതല്‍ 15 വരെയാണ് ടെസ്റ്റുകള്‍ സംഘടിപ്പിക്കുക. ടെസ്റ്റുകളില്‍ രോഗവ്യാപനം കൂടുതല്‍ ഉള്ള വാര്‍ഡുകളിലുള്ളവര്‍ക്കും വ്യാപാരികള്‍ക്കും കെ എസ് ഇ ബി ജീവനക്കാര്‍ക്കും മുന്‍ഗണന നല്‍കും. കൊവിഡ് ടെസ്റ്റിലേക്ക് ആളുകളെ എത്തിക്കേണ്ട ചുമതല അതാത് ആര്‍ ആര്‍ ടി വളണ്ടിയര്‍മാര്‍ക്കാണ്. ഇതിനായി ക്ലസ്റ്ററുകള്‍ രൂപികരിക്കും. ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി പ്രത്യേക യോഗം ചേരും

ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. ഇതിനായി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി കെ ശശിയെ ചുമതലപ്പെടുത്തി. കൊവിഡ് ടെസ്റ്റ് നടത്തുന്ന ദിവസങ്ങളില്‍ പെരുവണ്ണാമൂവി എഫ് എച് സിയിലേക്കും, പന്നിക്കോട്ടൂര്‍ പി എച്ച് സിയിലേക്കും ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കും. ഡിസിസിയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തും. ഡിസിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എഎച്‌ഐ വി പി ഉണ്ണികൃഷ്ണനെ ചുമതലപ്പെടുത്തി. ഡി സി സി സെന്ററിലേക്കുള്ള ഭക്ഷണം കമ്യൂണിറ്റി കിച്ചണില്‍ നിന്നു വാങ്ങി നല്‍കാനും യോഗത്തില്‍ തീരുമാനമായി. മുതുകാട് വാക്‌സിനേഷന്‍ സെന്റര്‍ ഗവ ഐടി ഐയിലേക്ക് മാറ്റും.

ഡെങ്കിപ്പനി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജുലെ 11 ശുചീകരണ ദിനമായി ആചരിക്കും. പഞ്ചായത്തിനെ മുഴുവന്‍ ക്ലസ്റ്ററുകളായ തിരിച്ചാണ് ശുചികരണം നടത്തുക. ഇതിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ പഞ്ചായത്തില്‍ അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള , ഒരു ഡോസ് കൊവിഡ് വാക്‌സിന്‍ പോലും സ്വീകരിക്കാത്തവരുടെ കണക്കെടുത്ത് പ്രത്യേക ഡാറ്റ ഉണ്ടാക്കി ജൂലൈ 9 നുള്ളില്‍ പഞ്ചായത്തില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പറഞ്ഞു. നിലവില്‍ കാറ്റഗറി എയിലാണ് പഞ്ചായത്ത്. ടെസ്റ്റുകളും പ്രതിരോധപ്രവര്‍ത്തനങ്ങളും ഊര്‍ജിതപ്പെടുത്തി പഞ്ചായത്തിനെ എ കാറ്റഗറിയില്‍ തന്നെ നില നിര്‍ത്താനാണ് പഞ്ചായത്തിന്റെ ശ്രമം.