കോവിഡ് കുതിക്കുന്നു; സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം, കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണത്തിന് സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അന്‍പതിനായിരം കടന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. കൂടുതല്‍ ജില്ലകള്‍ കടുത്ത നിയന്ത്രണങ്ങളുടെ പരിധിയില്‍ വന്നേക്കുമെന്നാണ് സൂചന.

നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്തത്. രോഗവ്യാപനം കൂടുതലുള്ള ജില്ലകളില്‍ കര്‍ശനമായ നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. ഇത് ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരി ആറുവരെ ദിവസം അരലക്ഷത്തിനടുത്ത് രോഗികളുണ്ടാകുമെന്നാണ് സര്‍ക്കാറിന് ലഭിച്ച പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലുള്ളത്.

നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ 25 ശതമാനത്തില്‍ കൂടുതലാണെങ്കിലാണ് ഒരു ജില്ലയെ കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. നിലവില്‍ തിരുവനന്തപുരം ജില്ലമാത്രമാണ് സി കാറ്റഗറിയിലുള്ളത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ആശുപത്രിയിലെ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഈ ജില്ലകളും സി കാറ്റഗറിയിലേക്ക് മാറാന്‍ ഇടയുണ്ട്.

നിലവില്‍ കോഴിക്കോട് നിയന്ത്രണങ്ങളില്‍പ്പെടാത്ത ജില്ലയാണ്. എന്നാല്‍ രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയിലും നിയന്ത്രണം വന്നേക്കും. ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരാനും ഇടയുണ്ട്. അധ്യയനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗവും ഇന്ന് ചേരും. രാവിലെ പതിനൊന്നുമണിക്കാണ് യോഗം. കുട്ടികളുടെ വാക്‌സിനേഷന്‍, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളുടെ പ്രവര്‍ത്തനം, പരീക്ഷാ നടത്തിപ്പ് എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും.