കോവിഡ് കാലത്ത് വീട് അരങ്ങാക്കി പേരാമ്പ്രയിലെ നാടക കലാകാരന്‍ കെ.പി സജീവന്‍; അദ്ദേഹത്തിന്റെ നാടകജീവിതം അറിയാം


ഴിഞ്ഞ മുപ്പത് വര്‍ഷക്കാലമായി നാടക രംഗത്ത് പ്രവര്‍ത്തിക്കുന്ന നാടക പ്രവര്‍ത്തകനാണ് പേരാമ്പ്ര സ്വദേശിയായ കെ.പി.സജീവന്‍. ചെറുതും വലതുമായ നാല്പതോളം നാടകങ്ങള്‍ രചിച്ചു. അമേച്ചര്‍ നാടകങ്ങളും നാടക ക്യാമ്പുകളുമായിരുന്നു പ്രവര്‍ത്തന മേഖല. എന്നാല്‍ കോവിഡ് വന്നതോടെ ഉപജീവനം വഴിമുട്ടി. വേദികള്‍ നഷ്ടപ്പെട്ടു. എന്നാല്‍ നാടകമെന്ന കലയില്‍ സജീവനുള്ള വിശ്വാസത്തിനും താല്‍പര്യത്തിനും ഒട്ടുംമങ്ങലേറ്റില്ല. അങ്ങനെയാണ് ഓണ്‍ലൈന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയെന്ന ചിന്തവന്നത്. കോവിഡിന് മുമ്പെന്നതുപോലെ ഇപ്പോഴും നാടകത്തില്‍ താന്‍ സജീവമാണെന്നാണ് സജീവന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.

പ്രകാശൻ്റെ തിരിച്ചറിവ് – ഒറ്റയാൾ നാടകത്തിൽ നിന്ന്

നാടകത്തെയാണ് ഞാന്‍ ഉപജീവനവഴിയായി സ്വീകരിച്ചത്. കോവിഡ് കാലമായപ്പോള്‍ പ്രതിസന്ധിയിലായി. അപ്പോഴാണ് എന്തുകൊണ്ട് ഓണ്‍ലൈന്‍ സാധ്യതകള്‍ ഉപയോഗിച്ചുകൂടായെന്ന ചിന്ത വന്നത്. ഇപ്പോള്‍ വീടുതന്നെ അരങ്ങാക്കി. ഗൂഗിള്‍ മീറ്റിലൂടെയും എഫ്.ബി പേജിലൂടെയും നാടകങ്ങള്‍ പ്രദര്‍ശിപ്പിച്ചു.’ സജീവന്‍ പറയുന്നു.

ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളില്‍ നടത്തുന്ന നാടക ക്യാമ്പായ നാടക തെറാപ്പിയും ഓണ്‍ലൈനിലൂടെ തുടരുന്നുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഗുണകരമായ നാടക സങ്കേതമായ നാടകയോഗയിലും സജീവമാണ്. അഭിനയതലത്തിലൂടെയും സംഭാഷണതലങ്ങളിലൂടെയും ആര്‍ക്കും എളുപ്പം ചെയ്യാവുന്ന ഒരു സാങ്കേതിക പരിശീലനമാണ് നാടകയോഗ. കോളേജ് തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായ് ക്യാമ്പസ് തിയേറ്റര്‍ ഇന്‍ കോളേജ് എന്ന നാടക ക്യാമ്പും നടത്തുണ്ട്. മൂവായിരത്തിലധികം സ്‌കൂളുകളില്‍ നടത്തിവന്ന കളിമുറ്റം നാടക കേമ്പ് ഓണ്‍ലൈനില്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ്.’

സജീവന്‍ അവതരിപ്പിച്ച ‘ഒറ്റമുറിയിലെ മനുഷ്യന്‍’ എന്ന ഒറ്റയാള്‍ നാടകം അഞ്ഞൂറില്‍പ്പരം വേദികള്‍ പിന്നിട്ടു. ‘ സഖാവ് പുഷ്പന്‍’ എന്ന നാടകവും ഏറെ ശ്രദ്ധനേടി. കോതമംഗലം, അരങ്ങ് നാടകക്കൂട്ടായ്മകള്‍ക്കുവേണ്ടി നാടകം ചെയ്തിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ സ്പഷ്യല്‍ ജൂറി പുരസ്‌ക്കാരം, ഗിന്നസ് അധികൃതരുടെ അഭിനന്ദനം, ഏഷ്യാ ബുക്‌സ് റെക്കോര്‍ഡ്, ആന്‍സ് നാടകാ പ്രതിഭാ പുരസ്‌ക്കാരം, ചില്‍ഡ്രന്‍സ് പ്ലേ തിയേറ്റര്‍ അവാര്‍ഡ്, റോമിലെ സലേഷ്യന്‍ സര്‍വ്വകലാശാലയുടെ അംഗീകാരം, ദില്ലി ജനസംസ്‌കൃതി പുരസ്‌ക്കാരം, വേള്‍ഡ് ഡ്രാമാബുക്‌സ് റെക്കാര്‍ഡ്, മഹാരാഷ്ട്ര പൂനൈ നാടക അവാര്‍ഡ്, അമേരിക്കന്‍ തിയേറ്ററായ എക്‌സ്പ്രസ്സീവ് ആര്‍ട്ട് സര്‍ക്കിള്‍സ് തിയേറ്ററിന്റെ അംഗീകാരം എന്നിവ നേടിയിട്ടുണ്ട്.