കോവിഡ് കാലത്ത് അടിയന്തര ഐസിയു കൊയിലാണ്ടി സ്വദേശി ലിജു ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു

അരുൺ മണമൽ
കൊയിലാണ്ടി: ഈ കോവിഡ് നാളുകളില്‍ രാജ്യം മുഴുവന്‍ ഒരു കൊയിലാണ്ടിക്കാരന്റെ ഇടപെടലിനെ കൗതുകത്തോടെ വീക്ഷിക്കുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രിയും ഉള്‍പ്പെടെ ഈ ചെറുപ്പക്കാരന്റെ ഇടപെടലുകളുടെ വിശദാംശങ്ങള്‍ ചോദിച്ചു വാങ്ങുകയും ചെയ്തു. കൊയിലാണ്ടി പന്തലായനി സ്വദേശി ലിജു.എം.കെ യാണ് മെയ്ക്ക് ഷിഫ്റ്റ് ഐസിയു എന്ന സംവിധാനം യാഥാര്‍ത്ഥ്യമാക്കിയതിലൂടെ രാജ്യത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ച് കഴിഞ്ഞിരിക്കുന്നത്.

കോവിഡിന്റെ രണ്ടാം വ്യാപനം തുടങ്ങിയ ഘട്ടത്തില്‍ തന്നെ ഇത് പിടിവിട്ട കുതിപ്പിന് കാരണമാകുമെന്ന് ലിജു ജോലി ചെയ്യുന്ന കോഴിക്കോട് ആസ്റ്റര്‍ മിംസിലെ മാനേജ്മെന്റിന് മനസ്സിലായിരുന്നു. ഒരു ഘട്ടം കഴിഞ്ഞാല്‍ നിലവിലെ ഐസിയു മതിയാകാതെ വരികയും ചെയ്യും. തുടര്‍ന്ന് ഈ ഘട്ടത്തെ എങ്ങിനെ തരണം ചെയ്യാന്‍ സാധിക്കുമെന്നതിനെ കുറിച്ച് പഠിക്കാന്‍ അവര്‍ എഞ്ചിനിയറിംഗ് വിഭാഗം മേധാവി കൂടിയായ ലിജു വിനോട് ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് വിഷയത്തെ ഗൗരവമായി പഠിച്ച ലിജു മെയ്ക്ക് ഷിഫ്റ്റ് ഐസിയു എന്ന നൂതനാശയം നിര്‍ദ്ദേശിക്കുകയായിരുന്നു. ആശുപത്രി പരിസരത്തെ ഒഴിഞ്ഞ് കിടക്കുന്ന പ്രദേശങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഐസിയു കള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു പദ്ധതി. പരീക്ഷണം എന്ന നിലയില്‍ ആദ്യ ഘട്ടത്തില്‍ 10 കിടക്കകള്‍ ഉള്‍ക്കൊളളുന്ന മെയ്ക്ക് ഷിഫ്റ്റ് ഐസിയു നിര്‍മ്മക്കാന്‍ ആസ്റ്റര്‍ മിംസ് മാനേജ്മെന്റ് ലിജുവിനോടാവശ്യപ്പെട്ടു. 18 ദിവസമായിരുന്നു സമയപരിധി ചോദിച്ചതെങ്കിലും 14 ദിവസത്തിനകം തന്നെ അദ്ദേഹം ഇത് പൂര്‍ത്തീകരിച്ചു. ഇതോടെ രണ്ടാം ഘട്ടമായി ആസ്റ്റര്‍ മിംസിന്റെ കാര്‍ പാര്‍ക്കിങ്ങ് ഏരിയയില്‍ മറ്റൊരു മെയ്ക്ക് ഷിഫ്റ്റ് ഐസിയു നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും പണി ആരംഭിക്കുകയും ചെയ്തു. മൂന്നാം ഘട്ടത്തില്‍ 25 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന മറ്റൊരു മെയ്ക്ക് ഷിഫ്റ്റ് ഐസിയു കൂടി വിഭാവനം ചെയ്യുന്നുണ്ട്.

കേരളത്തിലെ സ്വകാര്യം ആശുപത്രികളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ആശയ വിനിമയത്തിലാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഈ ഇടപെടലിനെ കുറിച്ചുള്ള ചര്‍ച്ച വന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ആശുപത്രി അധികൃതരെ നേരിട്ട് ബന്ധപ്പെടുകയും വിശദാംശങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയുമായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ മെയ്ക്ക് ഷിഫ്റ്റ് ഐസിയു കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തയ്യാറാണെന്ന് ആസ്റ്റര്‍ മിംസ് ചെയര്മാന് ഡോ. ആസാദ് മൂപ്പനും, സി.ഇ.ഒ ഫര്ഹാന് യാസിനും പറഞ്ഞു. ലിജുവിന്റേതുള്പ്പെടെയുള്ള സേവനങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും ഫർഹാൻ യാസിൻ പറഞ്ഞു.
