കോവിഡ് കാലത്തും ‘മാജിക് യാത്ര’ തുടർന്ന് ശ്രീജിത്ത് വിയ്യൂർ
കൊയിലാണ്ടി: മാജിക്കിൻ്റെ ലോകം വെറും പ്രശസ്തിയ്ക്കും പണത്തിനും വേണ്ടി മാത്രമല്ലെന്നും, സമൂഹ നന്മയ്ക്കായി പലതും ചെയ്യാനുണ്ടെന്ന ഉത്തമ ബോധ്യത്തിലാണ്, സാമൂഹിക ഇടപെടൽ മാജിക്കിലൂടെ എന്ന ലക്ഷ്യവുമായി ഈ കോവിഡ് കാലത്തും മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ തൻ്റെ മാന്ത്രിക യാത്ര തുടരുന്നത്. ഈ കോവിഡിൻ്റെ അടച്ചുപൂട്ടൽ കാലത്ത് ചെയ്ത നിരവധി ബോധവൽക്കരണ മാജിക്ക് വീഡിയോകളും, മറ്റു നല്ല സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന മാജിക്കുകളുടെ വീഡിയോകളും ഏറെ ജനശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു.
കോഴിക്കോട് ജില്ലാ ഭരണകൂടത്തിന് വേണ്ടിയും ആരോഗ്യ വകുപ്പിന് വേണ്ടിയും ചെയ്ത കോവിഡ് ബോധവൽക്കരണ വീഡിയോ ഏറെ വൈറലായ ഒന്നായിരുന്നു. അടച്ചുപൂട്ടൽ സമയത്ത് തെരുവിൽ കഴിഞ്ഞിരുന്നവരെ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ അധിവസിപ്പിച്ചിരുന്ന ജില്ലയിലെ ആറോളം ക്യാമ്പുകളിൽ അവർക്ക് മാനസിക ഉല്ലാസവും ഊർജ്വവും പകരാനായി ജില്ലാ ഭരണകൂടത്തിൻ്റെ ആവശ്യപ്രകാരം മാജിക്ക് ഉൾക്കൊള്ളിച്ചുള്ള ‘ഇൻറ്ററാക്ടീവ് സെഷൻ’ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയിട്ടുണ്ടായിരുന്നു.
കോവിഡ് കാലത്തെ ഓൺലൈൻ ഷോകളിലും മറ്റു പ്രോഗ്രാമുകളിലും ശ്രീജിത്ത് സജീവമായി തന്നെയുണ്ട്. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിലെ ബി.ആർ.സികൾ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികൾക്ക് സന്തോഷം പകരാൻ വേണ്ടി നടത്തിയ പരിപാടികളിലൊക്കെ ശ്രീജിത്ത് എണ്ണമറ്റ ഓൺലൈൻ പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. 2021 ലെ ആദ്യത്തെ നേരിട്ടുള്ള മാജിക്ക്ഷോയും ഈ അടുത്ത ദിവസം ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നു. പ്രതിഫലം ആഗ്രഹിക്കാതെയാണ് ഇത്തരം പ്രോഗ്രാമുകളിലൊക്കെ ഇദ്ദേഹം പങ്കെടുത്തു കൊണ്ടിരിക്കുന്നത്.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നാരംഭിച്ച വിസ്മയ സാന്ത്വന യാത്ര, സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ലഹരി വിരുദ്ധ മാന്ത്രിക യാത്ര, അദ്ധ്യാപകർക്കായി സംഘടിപ്പിച്ച മാജിക്ക് ഫോർ ടീച്ചേഴ്സ്, പരിസ്ഥിതിരക്ഷാ മാജിക്കുകൾ, ദിവ്യാത്ഭുദ അനാവരണങ്ങൾ, ആരോഗ്യ ബോധവൽക്കരണം, പെയിൻ & പാലിയേറ്റീവ് ഷോകൾ തുടങ്ങിയവ അദ്ദേഹത്തിൻ്റെ മാന്ത്രിക സപര്യയിലെ കഴിഞ്ഞ കാലത്തെ ശ്രദ്ധേയമായ ഏതാനും ചില മാന്ത്രിക ഇടപെടലുകളാണ്.
ഇതിനോടൊപ്പം തന്നെ 13 അംഗങ്ങളുള്ള ഒരു അമച്വർ മാജിക് ട്രൂപ്പിന് നേതൃത്വം നൽകി രണ്ട് മണിക്കൂർ ദൈർഘ്യമുള്ള കളർഫുൾ മാജിക്ക് ഷോകളും ശ്രീജിത്ത് വിയ്യൂർ അവതരിപ്പിച്ച് വരുന്നു. ഇന്ത്യക്ക് അകത്തും മറ്റു വിദേശ രാജ്യങ്ങളിലുമായി നിരവധി പ്രോഗ്രാമുകൾ ശ്രീജിത്ത് അവതരിപ്പിച്ചിട്ടുണ്ട്. വിവിധ ടെലിവിഷൻ ഷോകളിലും തൻ്റെ മാന്ത്രിക സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഇദ്ദേഹം. ഗുരുവും പിതാവുമായ മജീഷ്യൻ ശ്രീധരൻ വിയ്യൂരിൽ നിന്ന് കുട്ടിക്കാലത്ത് തന്നെ മാന്ത്രിക വിദ്യകൾ അഭ്യസിച്ചിട്ടുണ്ടായിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു പുളിയഞ്ചേരി യു.പി സ്കൂളിൽ വെച്ച് മാജിക്കിൻ്റെ അരങ്ങേറ്റം.
മാജിക്കിനെ കൂടുതൽ ജനപ്രിയമാക്കുക എന്ന ലക്ഷ്യവുമായി പിതാവിനൊപ്പം കൊയിലാണ്ടിയിൽ ഒരു മാജിക്ക് അക്കാദമിയും സ്ഥാപിച്ചിട്ടുണ്ടായിരുന്നു. മാജിക്ക് ലോകത്തും മറ്റു മേഖലകളിലുമുള്ള നിരന്തര ഇടപെടലിൻ്റെ ഭാഗമായി നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ശ്രീജിത്തിനെ തേടി വന്നിട്ടുണ്ട്. മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് അധ്യാപകൻ കൂടിയായ ശ്രീജിത്ത് വിയ്യൂർ, കൊഴിക്കോട് ജില്ലയിലെ കലാ-സാംസ്ക്കാരിക മേഖലയിലെ സജീവ സാന്നിധ്യമാണ്.