കോവിഡ് കാലത്തും കൃഷിയില്‍ വിജയക്കൊടി പാറിച്ച് കൂരാച്ചുണ്ടിലെ ജോസ്-ഷൈല ദമ്പതികള്‍


പേരാമ്പ്ര: കൂരാച്ചുണ്ട് സ്വദേശികളായ ഷൈല- ജോസ് ദമ്പതികള്‍ക്ക് കൃഷിയാണ് എല്ലാം. പൈനാപ്പിള്‍, റബ്ബര്‍, കപ്പ, തെങ്ങ്, കവുങ്ങ് എന്നിങ്ങനെ പറ്റാവുന്ന കൃഷിയെല്ലാം സ്വന്തം പറമ്പില്‍ ഇവര്‍ ചെയ്തിട്ടുണ്ട്. ഇത്തവണ കൂരാച്ചുണ്ട് കൃഷി ഓഫീസിനു കീഴില്‍ കരനെല്‍ കൃഷി ചെയ്യുന്നതിനായി മുന്നോട്ടുവന്ന മൂന്ന് കര്‍ഷകരില്‍ ഒന്ന് ഇവരാണ്.

കരനെല്‍ കൃഷിയ്ക്കുവേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഇപ്പോള്‍ ഈ കുടുംബം. ഒരേക്കര്‍ സ്ഥലത്താണ് കൃഷി. ഇതിനായി ട്രാക് ഡ്രില്ലര്‍ ഉപയോഗിച്ചുള്ള നിലം ഒരുക്കല്‍ പൂര്‍ത്തിയായെന്ന് ഷൈല പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഉമ എന്ന നെല്‍വിത്താണ് ഇത്തവണ കൃഷി ചെയ്യുന്നത്. രണ്ടുവര്‍ഷം മുമ്പ് കരനെല്‍ കൃഷി ചെയ്ത പരിചയ സമ്പത്തും കരനെല്‍ കൃഷി പ്രോത്സാഹിപ്പിക്കുന്ന കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങാന്‍ കൃഷിവകുപ്പില്‍ നിന്നു ലഭിക്കുന്ന സബ്‌സിഡിയുമാണ് ഈ ഉദ്യമവുമായി മുന്നോട്ടുപോകാന്‍ ഇവര്‍ക്ക് പ്രചോദനമാകുന്നത്.

പരമ്പരാഗതമായി കാര്‍ഷിക കുടുംബത്തില്‍ ജനിച്ചുവളര്‍ന്നവരാണ് ഷൈലയും ജോസും. ചെറുപ്പം മുതലേ കൃഷിയോട് അതിയായ താല്‍പര്യവുമുണ്ട്. പൈനാപ്പിള്‍ കൃഷിയില്‍ വിജയഗാഥ അറിയിച്ച ഇവര്‍ പകരുന്ന അറിവുകള്‍ ഈ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഏതൊരു കര്‍ഷകനും മുതല്‍ക്കൂട്ടാവുമെന്നതില്‍ സംശയമില്ല. റബ്ബര്‍ മരം മുറിച്ചുമാറ്റിയ ഭൂമിയിലാണ് ഇവര്‍ പൈനാപ്പിള്‍ കൃഷി ചെയ്തത്. പുതിയ റബ്ബര്‍ തൈകള്‍ നട്ടു പരിപാലിച്ച് മൂന്നരവര്‍ഷം പ്രായമാകുന്നതിനിടെ ഇടവിള കൃഷിയായാണ് പൈനാപ്പിള്‍ നട്ടുപിടിപ്പിച്ചത്. പൈനാപ്പിള്‍ ചെടിയുടെ അടിഭാഗത്തുനിന്ന് മുളച്ചുണ്ടാകുന്ന തൈകളാണ് കൃഷിയ്ക്കായി ഉപയോഗിക്കുന്നത്. ഈ ഭാഗം നട്ടു കഴിഞ്ഞാല്‍ ഏകദേശം എട്ടുമാസം കൊണ്ട് പൈനാപ്പിള്‍ വിളവെടുക്കാം.

വര്‍ഷം മുഴുവന്‍ കുരുമുളക് ലഭ്യമാക്കുന്ന കുറ്റിക്കുരുമുളക് കൃഷിയും ഇവര്‍ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. പ്രധാനമായും ജൈവവളങ്ങളാണ് കൃഷിയ്ക്കായി ഇവര്‍ ഉപയോഗിക്കുന്നത്.

കോവിഡ് പ്രതിസന്ധിയുണ്ടാക്കിയ ലോക്ക് ഡൗണിലും ഈ കുടുംബം കൃഷിയിലും അനുബന്ധ ജോലികളിലും സജീവമായിരുന്നു. സ്വന്തം തോട്ടത്തിലുണ്ടായ ചക്കയും കപ്പയും പൈനാപ്പിളുമെല്ലാം ഉപയോഗിച്ച് മൂല്യവര്‍ധിത ഉല്പന്നങ്ങളുണ്ടാക്കുന്ന തിരക്കിലായിരുന്നു ഷൈല. ഈര്‍ക്കിലി കപ്പ, അവിലു കപ്പ, ഉപ്പേരികപ്പ, കപ്പപ്പൊടി, ചക്കവറുത്തത്, ചക്ക വിളയിച്ചത്, പൈനാപ്പിള്‍ ജാം അങ്ങനെ നിരവധി ഐറ്റങ്ങളാണ് ഷൈ നിര്‍മ്മിച്ചു വില്‍ക്കുന്നത്.