കോവിഡിന്റെ പിടിയിലമര്‍ന്ന് ഇന്ത്യ; രാജ്യത്ത് പുതിയ മൂന്നര ലക്ഷത്തോളം കോവിഡ് ബാധിതര്‍


ഡല്‍ഹി: ഇന്ത്യയില്‍ പുതുതായി മൂന്നരലക്ഷത്തോളം പേര്‍ കൊവിഡ് രോഗബാധിതരായെന്ന് ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3,49,691 പേര്‍ക്കാണ്. മരണനിരക്കും രാജ്യത്ത് കുതിച്ചുയരുകയാണ്. 2,767 പേരാണ് പുതുതായി കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, 2,17,113 പേര്‍ രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

രാജ്യത്ത് ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,69,60,172 ആയി. ആകെ രോഗമുക്തരുടെ എണ്ണം 1,40,85,110. ഇത് വരെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആകെ കൊവിഡ് ബാധിച്ച് മരിച്ചത് 1,92,311 പേരാണ്. നിലവില്‍ രാജ്യത്ത് 26 ലക്ഷത്തോളം പേരാണ് ചികിത്സയിലുള്ളത്. 26,82,751 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സ തേടുന്നത്. തുടര്‍ച്ചയായി നാല് ദിവസമാണ് മൂന്ന് ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.കടുത്ത ഓക്‌സിജന്‍ പ്രതിസന്ധിയില്‍ രാജ്യം ശ്വാസം മുട്ടുമ്പോഴാണ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്. ദില്ലിയിലെ ആശുപത്രികള്‍ പലതും ഇപ്പോഴും ഓക്‌സിജന്‍ ലഭ്യത ഇല്ലാതെ ശ്വാസം മുട്ടുന്ന കാഴ്ചയാണ് കാണാനാവുന്നത്.