കോവിഡിന്റെ ആശങ്കയകറ്റാന്‍ രക്ഷാകര്‍തൃ ശാക്തീകരണം; മേപ്പയ്യൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ‘മക്കള്‍ക്കൊപ്പം’ പരിപാടി


മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂരിൽ കോവിഡ് കാല ആശങ്കയകറ്റി വിദ്യാർഥികളേയും രക്ഷിതാക്കളേയും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ മക്കൾക്കൊപ്പം പരിപാടി സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ പിന്തുണയോടെ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഒരേ സമയം ഗൂഗിൾ മീറ്റ് വഴി ക്ലാസുകൾ നൽകി.

സ്കൂൾ തല ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. കോവിഡ് അതിജീവന വിദ്യാഭ്യാസത്തിൽ മികച്ച മാതൃകയാണ് മേപ്പയ്യൂർ സ്കൂളെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ശാസ്ത്ര സാഹിത്യ പരിഷത്ത് വിഷയ സമിതി ചെയർമാൻ കെ കെ ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി.

സ്കൂൾ പി ടി എ പ്രസിഡൻ്റ് കെ രാജീവൻ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ വി പി ഉണ്ണികൃഷ്ണൻ, അഡീഷണൽ ഹെഡ്മാസ്റ്റർ കെ നിഷിദ്, വി എച്ച് എസ് സി പ്രിൻസിപ്പൽ പ്രമോദ് കുമാർ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഇ ഗീത എന്നിവർ ആശംസകളർപ്പിച്ചിച്ച് സംസാരിച്ചു. ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ ജയന്തി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ സുധീഷ് കുമാർ നന്ദിയും പറഞ്ഞു.