കോവിഡിനൊപ്പം എലിപ്പനിയും; കീഴരിയൂരിൽ പ്രതിരോധപ്രവർത്തനം ഉൗർജിതമാക്കി
കീഴരിയൂർ: എലിപ്പനി രോഗബാധയുണ്ടായ കീഴരിയൂർ മതുമ്മൽ ഭാഗത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. മതുമ്മൽ ചെറുപുഴയിൽ ജോലിയിൽ ഏർപ്പെട്ടവർക്കാണ് എലിപ്പനിരോഗം റിപ്പോർട്ട് ചെയ്തത്. പ്രദേശത്ത് ബോധവത്കരണ ക്ലാസ് നടത്തി. യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിർമല അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോ.ആർ.കെ.മുഹമ്മദ് അഷറഫ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.എ. ഉസ്സൈൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.ശ്രീലേഷൻ എന്നിവർ ക്ലാസെടുത്തു. വാർഡംഗം നിഷ വല്ലിപ്പടിയ്ക്കൽ സംസാരിച്ചു.
ചെറുപുഴയിൽ ജോലിയിലേർപ്പെടുന്ന മുഴുവൻ തൊഴിലാളികളും ക്ഷീരകർഷകരും പുഴയിൽ ഇറങ്ങുന്നതിനുമുൻപ് എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സീ സൈക്ലിൻ നിർബന്ധമായും കഴിക്കണമെന്ന് മെഡിക്കൽ ഓഫീസർ നിർദേശിച്ചു.
ബോധവത്കരണത്തിന്റെ ഭാഗമായി ക്ലോറിനേഷൻ, നോട്ടീസ് വിതരണം എന്നിവയും നടത്തി. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.സരളാ നായർ, എപ്പിഡമോളോജിസ്റ്റ് നീനു എബ്രഹാം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.ഷാജഹാൻ എന്നിവരടങ്ങിയ സംഘം ചെറുപുഴയും പരിസരങ്ങളും സന്ദർശിച്ച് പ്രതിരോധപ്രവർത്തനം അവലോകനം ചെയ്തു.