കോവിഡിനെ പിടിച്ചുകെട്ടാന്‍ പേരാമ്പ്ര; താലൂക്കാശുപത്രിയില്‍ കോവിഡ് ഒബ്‌സര്‍വേഷന്‍ വാര്‍ഡ്, ആഴ്ചയിൽ മൂന്ന് ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന


പേരാമ്പ്ര: കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധം ശക്തമാക്കാനൊരുങ്ങി പേരാമ്പ്ര. ഇതിന്റെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചു. ഇതിനായി ആശുപത്രിയില്‍ ഒബ്‌സര്‍വേഷന്‍ വാര്‍ഡ് ആരംഭിക്കും. നാളെ മുതലാണ് താലൂക്ക് ആശുപത്രിയില്‍ കോവിഡ് ഒബ്്‌സര്‍വേഷന്‍ വാര്‍ഡ് പ്രവര്‍ത്തനം ആരംഭിക്കുക. അഡ്മിറ്റാവുന്ന രോഗികളെ 24 മണിക്കൂര്‍ ഒബ്‌സര്‍വേഷനില്‍ വെക്കും. വിദഗ്ദ ചികിത്സ ആവശ്യമുള്ള രോഗികളെ റഫര്‍ ചെയ്യും. താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ സ്റ്റാഫുകളെ ബ്ലോക്ക് പഞ്ചായത്ത് നിയമിച്ചു.

ആശുപത്രിയില്‍ നഴ്‌സ്, ജെഎച്ച്ഐ, ക്ലീനിംഗ് സ്ഥാഫ് എന്നിവരെ നിയമിച്ചിട്ടുണ്ടെന്നും, ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കുള്ള അഭിമുഖം നാളെ നടക്കുമെന്നും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. രണ്ട് വീതം നഴ്‌സ്, ക്ലീനിംഗ് സ്ഥാഫ് എന്നിവരെയും ഒരു ജെഎച്ച്ഐയുമാണ് നിലവില്‍ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ആഴ്ചയിലുള്ള ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ആഴ്ചയില്‍ രണ്ട് ദിവസമായിരുന്നു ആര്‍ടിപിസിആര്‍ പരിശോധനകളുണ്ടായിരുന്നത്. ഇനി മുതല്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ സാധ്യമാണ്. ഒപിയിലും കാഷ്വാലിറ്റിയിലും എത്തുന്ന രോഗികള്‍ക്ക് ആന്റിജന്‍ ടെസ്റ്റിനു 24 മണിക്കൂറും സൗകര്യം ഉണ്ടാവും.

പത്തിലധികം ഡോക്ടര്‍മാരുടെ സേവനം നിലവില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ലഭ്യമാണ്. നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ നിന്നുള്ള ഒരു ഡോക്ടറുടെ കൂടെ സേവനം നാളെ മുതല്‍ ആശുപത്രയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.