കോഴി ഇറച്ചി ഇനി മിതമായ നിരക്കില്‍ ലഭ്യമാകും; ‘കേരള ചിക്കന്‍’ വിപണന കേന്ദ്രം നടുവണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു, വിശദാംശങ്ങള്‍ ചുവടെ
നടുവണ്ണൂര്‍: കേരളത്തിലെ ആഭ്യന്തര ഇറച്ചിക്കോഴി വിപണിയിലെ 50 ശതമാനം ഇറച്ചിക്കോഴിയും സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച കേരള ചിക്കന്‍ പദ്ധതിക്ക് നടുവണ്ണൂരില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായുള്ള കുടുംബശ്രീയുടെ കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ വിപണന കേന്ദ്രമാണ് നടുവണ്ണൂരില്‍ പ്രവര്‍ത്തനമാരാംഭിച്ചത്. കേരള ചിക്കന്റെ വിപണന കേന്ദ്രം കെ എം സച്ചിന് ദേവ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ കേരളത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി 2017 നവംബറിലാണ് ആരംഭിച്ചത്. കുടുംബശ്രീ അംഗങ്ങള്‍ വരുമാനം വര്‍ദ്ധിപ്പിക്കാനും, ഗുണമേന്മയുള്ള ഇറച്ചി, മിതമായ വിലയ്ക്ക് ലഭ്യമാക്കാനും കഴിയുന്ന മാതൃക പദ്ധതികളില്‍ ഒന്നാണ് ‘കേരള ചിക്കന്‍. സ്വന്തമായി കോഴിക്കുഞ്ഞ്, കോഴിത്തീറ്റ എന്നിവയുടെ ഉത്പാദനത്തിലൂടെ ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്ന് പൗള്‍ട്രി കര്‍ഷകരെ സംരക്ഷിക്കാനാണ് കേരള ചിക്കന്‍ പദ്ധതി ലക്ഷ്യമിടുന്നത്.
നിലവില്‍ 250 രൂപ വരെയാണ് കോഴിക്കോട് ജില്ലയില്‍ പൊതുമാര്‍ക്കറ്റില്‍ ഇറച്ചി കോഴിയുടെ വില. എന്നാല്‍ ഇതിനെ അപേക്ഷിച്ച് കുറഞ്ഞ തുകയ്ക്ക് കേരള ചിക്കന്റെ ഔട്ലെറ്റുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ഇറച്ചി വാങ്ങിക്കാന്‍ സാധിക്കും.