കോഴിക്കോട് സ്‌റ്റേഷന്‍ ഭൂമിക്കടിയില്‍, ആകെ ചെലവ് 63,940 കോടി രൂപ; സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു; റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം കാണാം


കോഴിക്കോട്: ശക്തമായ എതിര്‍പ്പുകള്‍ക്കിടയില്‍ കെ-റെയിലിന്റെ സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയുടെ വിശദ പദ്ധതി രേഖ (ഡി.പി.ആര്‍) സര്‍ക്കാര്‍ പുറത്തുവിട്ടു. 3773 പേജുകളുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ വെബ്‌സൈറ്റിലും നിയമസഭാ വെബ്‌സൈറ്റിലുമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡി.പി.ആര്‍ നല്‍കാത്തത് ചൂണ്ടിക്കാട്ടി ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഡി.പി.ആര്‍ പുറത്തുവിട്ടത്.

ഡി.പി.ആര്‍ പ്രകാരം 63,940 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. കൊച്ചുവേളിയില്‍ നിന്ന് തൃശൂര്‍ വരെ ആദ്യഘട്ടമായും തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെ രണ്ടാം ഘട്ടമായും പദ്ധതി പൂര്‍ത്തിയാക്കും. 1382 ഹെക്ടര്‍ ഭൂമിയാണ് ആകെ വേണ്ടത്.

സില്‍വര്‍ലൈനിന്റെ കോഴിക്കോട് സ്‌റ്റേഷന്‍ ഭൂമിക്ക് അടിയിലാണ് ഉണ്ടാവുക. കൊച്ചുവേളി, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഭൂനിരപ്പില്‍ നിന്ന് ഉയര്‍ന്നാണ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുക. കൊച്ചി വിമാനത്താവളം ഉള്‍പ്പെടെയുള്ള മറ്റ് സ്റ്റേഷനുകള്‍ ഭൂനിരപ്പിലാണ് സ്ഥിതി ചെയ്യുക.

ആറ് ഘട്ടങ്ങളിലായാണ് ഡിപിആര്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ധ്രുതഗതിയില്‍ നടത്തിയ പരിസ്ഥിതി ആഘാത വിവരങ്ങള്‍ കൂടി ഡി.പി.ആറിനൊപ്പം വച്ചിട്ടുണ്ട്. 2025-26 ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നാണ് ഡി.പി.ആറില്‍ നല്‍കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ നെടുമ്പാശേരി വിമാനത്താവളവുമായി പദ്ധതി ബന്ധിപ്പിക്കും. വിദേശ സഞ്ചാരികളെ ലക്ഷ്യംവച്ചുകൊണ്ട് ടൂറിസ്റ്റ് ട്രെയ്നും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും.

പദ്ധതിയുടെ ഭാഗമായി പൊളിച്ചുമാറ്റേണ്ടി വരുന്ന മുഴുവന്‍ കെട്ടിടങ്ങള്‍, ആരാധനാലയങ്ങള്‍ ഏതൊക്കെയെന്ന് ഡി.പി.ആറില്‍ വ്യക്തമാക്കുന്നു. ആറര ലക്ഷം യാത്രക്കാരെയാണ് കെ-റെയിലില്‍ പ്രതീക്ഷിക്കുന്നത്. പദ്ധതി റിപ്പോര്‍ട്ട് പ്രകാരം 2025-2026ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യും. ഒരു ട്രെയിനില്‍ ഒമ്പത് കോച്ചുകളിലായി ഒരു സമയം 675 പേര്‍ക്ക് യാത്ര ചെയ്യാം.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക ട്രെയിന്‍ സംവിധാനവും ഏര്‍പ്പെടുത്തും. പദ്ധതിയില്‍ ട്രക്കുകള്‍ക്കായി കൊങ്കണ്‍ മാതൃകയില്‍ റോറോ സര്‍വീസുമുണ്ടാകും. ഇതിലൂടെ ഒരുസമയം 480 ട്രക്കുകള്‍ കൊണ്ടുപോകാനാകും. ട്രാഫിക് സര്‍വേ, ജിയോ ടെക്നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്, ടോപ്പോഗ്രാഫിക് സര്‍വേ തുടങ്ങി ആറ് ഭാഗങ്ങളടങ്ങുന്നതാണ് റിപ്പോര്‍ട്ട്.

പദ്ധതി പ്രദേശത്തെ സസ്യജാലങ്ങളെ കുറിച്ചുള്ള പഠനവും റിപ്പോര്‍ട്ടും ഡി.പി.ആറില്‍ ഉള്‍പ്പെടുന്നു. കേരള റെയില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് വേണ്ടി സിസ്ട്ര എന്ന ഏജന്‍സിയാണ് ഡി.പി.ആറും ഫീസിബിലിറ്റി റിപ്പോര്‍ട്ടും തയ്യാറാക്കിയിരിക്കുന്നത്. ‘സെമി ഹൈസ്പീഡ് കോറിഡോര്‍ ഫ്രം തിരുവനന്തപുരം ടു കാസര്‍ഗോഡ്’ എന്നാണ് പ്രോജക്ടിന്റെ പേര്.

കേരളത്തില്‍ നിലവിലുള്ള റെയില്‍-റോഡ് ഗതാഗത സംവിധാനങ്ങള്‍ ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോള്‍ തീര്‍ത്തും അപര്യാപ്തമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ ഉള്ളതിനെക്കാള്‍ 30 മുതല്‍ 40 ശതമാനം സഞ്ചാര വേഗം കേരളത്തില്‍ കുറവാണെന്നും അതിനാല്‍ ഇത്തരമൊരു പദ്ധതി ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡി.പി.ആര്‍ പൂര്‍ണ്ണരൂപത്തില്‍ കാണാം:

ഡി.പി.ആര്‍ പൂര്‍ണ്ണരൂപത്തില്‍ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക.